കണ്ണൂർ: തുടർഭരണമാകുമ്പോൾ സർക്കാരിനെയും പാർട്ടിയെയും ദുഃസ്വാധീനത്തിന് വിധേയമാക്കാൻ ശ്രമങ്ങളുണ്ടായേക്കാമെന്നും വഴങ്ങരുതെന്നും സി.പി.എം. മുന്നറിയിപ്പ്. തുടർച്ചയായി അധികാരത്തിലെത്തിയ സാഹചര്യത്തിൽ സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ‘പാർട്ടിയും ഭരണവും’ എന്ന രേഖയിലാണ് നിർദേശം.

പ്രധാന നിർദേശങ്ങൾ പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ വിവരിച്ചു. പഴയകാല ത്യാഗത്തിന്റെ പേരിൽമാത്രം പാർട്ടിക്ക് ഇനി മുന്നോട്ടുപോകാനാവില്ല. വർത്തമാനകാലത്തെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഇടപെട്ട് ജനതയെ നയിക്കാൻ പ്രാപ്തമാണ് എന്ന ബോധം നിരന്തരം സൃഷ്ടിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകാനാവൂ എന്നും കോടിയേരി ഓർമിപ്പിച്ചു.

തുടർഭരണം സോവിയറ്റ് യൂണിയനിലെയും ബംഗാളിലെയും പാർട്ടിക്കുണ്ടാക്കിയ വിനകളെ സൂചിപ്പിച്ച് അതിലെ അനുഭവങ്ങൾ പാഠമാകണമെന്ന ആമുഖത്തോടെയാണ് പ്രവർത്തകർക്കുള്ള നിർദേശങ്ങൾ. സ്വയം അധികാരകേന്ദ്രമാവുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന ആളുകളുണ്ടാവും. അത്തരം പ്രവണതകളെ നേരിടാനാകണം. വ്യക്തിഗതമായ വിദ്വേഷങ്ങളും താത്‌പര്യങ്ങളും അധികാരം ഉപയോഗിച്ച് നടപ്പാക്കുന്ന രീതി ഉണ്ടാവരുത്.

ഭരിക്കാൻ പ്രാപ്തരായവരെ പാർട്ടി നിയോഗിച്ചിട്ടുണ്ട്. അവർ ചുമതല കൃത്യമായി നിർവഹിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കും, പിശകുകളുണ്ടെങ്കിൽ തിരുത്തിക്കും. എന്നാൽ, ദൈനംദിനഭരണത്തിൽ പാർട്ടി ഒരുതരത്തിലും ഇടപെട്ടുകൂടാ. സ്ഥലംമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ മാനദണ്ഡമനുസരിച്ച് മാത്രമാകണം. മണൽ, മണ്ണ്, ക്വാറി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് അഴിമതിസാധ്യത കൂടുതലായതിനാൽ ജാഗ്രതവേണം. ഈ മേഖലയിൽ അഴിമതിക്കെതിരേ കർശനനടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം.

സ്ഥലംമാറ്റത്തിൽ മാനദണ്ഡം പാലിക്കുക, സ്പെഷ്യൽ ഓർഡറുകൾ നിരുത്സാഹപ്പെടുത്തുക, പി.എസ്.സി. നിയമനത്തിന് പകരം വർക്ക് അറേഞ്ച്‌മെന്റ് സംവിധാനം പാടില്ല, ഒഴിവുകൾ യഥാസമയം നികത്തണം, ഉയർന്ന തസ്തികയിലുള്ളവരെ അതിൽ താഴെയുള്ള തസ്തികയിലേക്ക് ഡെപ്യൂട്ടേഷനിൽ അയക്കുന്ന പ്രവണത പാടില്ല -തുടങ്ങിയ നിർദേശങ്ങളും രേഖയിലുണ്ട്.