BD Devassyതൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി തോൽക്കാനിടയായതിൽ മൂന്നുപേരെ താക്കീത് ചെയ്യാൻ സി.പി.എം. തീരുമാനിച്ചു. മുൻ എം.എൽ.എ. ബി.ഡി. ദേവസി ഉൾപ്പെടെയുള്ള ജില്ലാ കമ്മിറ്റി അംഗങ്ങൾക്കെതിരേയാണ് നടപടി. പി.കെ. ഗിരിജാവല്ലഭൻ, ഏരിയാ സെക്രട്ടറി ടി.എ. ജോണി എന്നിവരാണ് മറ്റ് രണ്ടുപേർ.

തിരഞ്ഞെടുപ്പുപ്രവർത്തനത്തിൽ ചാലക്കുടിയിൽ ജാഗ്രതക്കുറവുണ്ടായതായി ജില്ലാ കമ്മിറ്റി നേരത്തെ വിലയിരുത്തിയിരുന്നു. ജാഗ്രതക്കുറവ് ബോധപൂർവമായിരുന്നുവെന്ന കുറ്റപ്പെടുത്തലുമുണ്ടായി. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും സി.പി.എമ്മിലെ ബി.ഡി. ദേവസി മത്സരിച്ച മണ്ഡലം ഇത്തവണ ഘടകകക്ഷിക്ക് വിട്ടുനൽകാൻ തീരുമാനിച്ചതുമുതലേ പ്രവർത്തകർക്കിടയിൽ എതിർപ്പുണ്ടായി. പ്രചാരണരംഗത്തുനിന്ന് പ്രവർത്തകർ വിട്ടുനിന്നുവെന്നും ആരോപണമുയർന്നു.

മുന്നണിയിലെ പുതിയ കക്ഷിയായ കേരള കോൺഗ്രസ് മാണി വിഭാഗത്തിനാണ് ഇത്തവണ സീറ്റ് നൽകിയത്. ഡെന്നിസ് ആന്റണിയായിരുന്നു സ്ഥാനാർഥി. കോൺഗ്രസ് വിട്ട് കേരള കോൺഗ്രസിൽ ചേക്കേറിയ ഉടനെയാണ് ഡെന്നിസ് ആന്റണി എൽ.ഡി.എഫ്. സ്ഥാനാർഥിയായത്. അതുകൊണ്ടുതന്നെ സ്ഥാനാർഥിയെ ഉൾക്കൊള്ളാൻ പ്രവർത്തകർക്കായില്ല.

ജില്ലയിൽ എൽ.ഡി.എഫിന് നഷ്ടപ്പെട്ട ഏകമണ്ഡലം ചാലക്കുടിയാണ്. യു.ഡി.എഫ്. സ്ഥാനാർഥി സനീഷ്‌കുമാർ ജോസഫ് 1057 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 2016-ലെ തിരഞ്ഞെടുപ്പിൽ 26,648 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ഡി. ദേവസി ജയിച്ചത്. അതുകൊണ്ടുതന്നെ കാര്യമായ വോട്ടുചോർച്ചയുണ്ടായതായി വ്യക്തമായിരുന്നു. തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ സി.പി.എം. ജില്ലാകമ്മിറ്റി രണ്ടംഗ കമ്മിഷനെയും നിയോഗിച്ചിരുന്നു.