മരട്: മരടിലെ നാല് ഫ്ലാറ്റുകൾക്ക് കെട്ടിട നിർമാണാനുമതി നൽകുന്നതിന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം. നേതാവ് കെ.എ. ദേവസ്സി അനധികൃത ഇടപെടലുകൾ നടത്തിയതിന്റെ കൂടുതൽ രേഖകൾ പുറത്ത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനെ തുടർന്ന് സുപ്രീംകോടതി വിധി പ്രകാരം നാലു ഫ്ലാറ്റുകളും പൊളിച്ചുകളഞ്ഞതോടെയാണ് കൂടുതൽ രേഖകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ദേവസ്സിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ജില്ലയിലെ സി.പി.എമ്മിനുള്ളത്.

പരിസ്ഥിതി സംരക്ഷണ മേഖലയായ മരട് സി.ആർ.ഇസെഡ്. മൂന്നിലായിരുന്നു ഉൾപ്പെട്ടിരുന്നത്. ഇതുപ്രകാരം ഈ ഫ്ലാറ്റുകൾക്ക് അന്നത്തെ പഞ്ചായത്ത് സെക്രട്ടറി നിർമാണാനുമതി നിഷേധിച്ചു.

എന്നാൽ, കൊച്ചി കോർപ്പറേഷനോട് തൊട്ടു കിടക്കുന്ന പഞ്ചായത്ത്, വികസനത്തിന്റെയും വരുമാനത്തിന്റെയും കാര്യത്തിൽ മുൻപന്തിയിൽ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി മരടിനെ സി.ആർ.ഇസെഡ്. മൂന്നിൽ നിന്ന് രണ്ടിലേക്ക് തരം മാറ്റണമെന്നാവശ്യപ്പെട്ട് ഉന്നതാധികാരികൾക്ക് നൽകിയ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമിക്കുന്നതിന് കെ.എ. ദേവസ്സി ഉടമകളെ സഹായിച്ചതായാണ് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥർ ഈ രേഖകളിലൂടെ വിലയിരുത്തുന്നത്. കൂടാതെ മരടിനെ സി.ആർ.ഇസെഡ്. മൂന്നിൽ നിന്ന് രണ്ടിലേക്ക് തരം മാറ്റണമെന്നാവശ്യപ്പെട്ട് സർക്കാരിനും കത്ത് നൽകി.

തദ്ദേശഭരണ വകുപ്പ് സെക്രട്ടറി, വകുപ്പ് മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്കാണ് കത്ത് നൽകിയത്. തരം മാറ്റൽ ആവശ്യം ഉൾപ്പെടുത്തി ചേർന്ന പഞ്ചായത്ത് യോഗത്തിൻറെ മിനുട്സ് വ്യാജമാണെന്നാരോപിച്ച് സി.പി.എമ്മിെന്റ മൂന്ന് അംഗങ്ങളുൾപ്പെടെ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.

ഇതോടെയാണ് കേസ് മറ്റൊരു വഴിത്തിരിവിലേക്കായത്. ക്രമക്കേട് കണ്ടെത്തിയ കാലയളവിലെ പഞ്ചായത്ത് സെക്രട്ടറിമാരായിരുന്ന മുഹമ്മദ് അഷറഫ്, പി.ജെ. ആന്റണി, സി.പി.എം. അംഗങ്ങളായ പി.കെ. രാജു, പി.ഡി. രാജേഷ്, ടി.എ. വിജയകുമാർ, കോൺഗ്രസ്‌ അംഗങ്ങളായ ആൻഡ്രൂസ്, ജിൻസൺ പീറ്റർ, പി.ജെ. ജോൺസൺ എന്നിവർ മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ രഹസ്യമൊഴിയും കെ.എ. ദേവസ്സിയുടെ അഴിമതി വെളിവാക്കുന്നതായിരുന്നു. ഇതിനിടെ മരട് ഫ്ലാറ്റ് അഴിമതി അന്വേഷണ ഉദ്യോഗസ്ഥനായ ജേസി ചെറിയാനെ ചെറിയ സ്ഥാനക്കയറ്റം നൽകി സ്ഥലം മാറ്റിയത് പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ എതിർപ്പിനിടയാക്കിയിട്ടുമുണ്ട്.

ഹൈക്കോടതിയിൽ ദേവസ്സി എതിർത്തത് സ്വന്തം പഞ്ചായത്തിനെ

മരടിലെ നാലു ഫ്ലാറ്റുകൾക്കും പഞ്ചായത്ത് സെക്രട്ടറി നിർമാണാനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേ ഉടമകൾ കോടതിയെ സമീപിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.എ. ദേവസ്സി ഹൈക്കോടതിയിൽ ഉടമകൾക്ക് അനുകൂലവും പഞ്ചായത്തിനെതിരായുമുള്ള സത്യവാങ്മൂലമാണ് സമർപ്പിച്ചതെന്നും പുറത്തുവന്ന രേഖകളിലൂടെ വ്യക്തമായി.

ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച്

ഫ്ലാറ്റ് അഴിമതിക്ക് നേതൃത്വം കൊടുത്ത മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ദേവസ്സിയെ സി.പി.എം. സമ്മർദത്താൽ സംരക്ഷിക്കുന്ന ക്രൈംബ്രാഞ്ച് നടപടിക്കെതിരേ ചൊവ്വാഴ്ച രാവിലെ 10-ന് മരട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. മാർച്ച് തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിൽ നിന്ന്‌ ആരംഭിക്കും. ധർണ മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. ആർ.കെ. സുരേഷ് ബാബു അധ്യക്ഷത വഹിക്കും.

Content Highlights: CPM To Support KA Devassy In Maradu Flats Case