തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ്, സർവകലാശാലാ അധ്യാപക നിയമനം എന്നിവയിലെ ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിനും സർക്കാരിനും നയപരമായ തീരുമാനം അനിവാര്യമാക്കുന്നു. ഇത് രണ്ടും മത-സമുദായങ്ങളെ ബാധിക്കുന്നതും കരുതലോടെ കൈകാര്യംചെയ്തില്ലെങ്കിൽ തർക്കത്തിനിടയാകുന്നതുമാണ്. അതിനാൽ, എല്ലാവശങ്ങളും പരിശോധിച്ച് നയപരമായ തീരുമാനമെടുക്കുമെന്നാണ് സി.പി.എം. നേതാക്കളുടെ വിശദീകരണം. മുന്നണിക്കുള്ളിലും വിരുദ്ധ അഭിപ്രായങ്ങൾ നിലനിൽക്കുന്ന വിഷയമായതിനാൽ എൽ.ഡി.എഫും ഇക്കാര്യം ചർച്ചചെയ്യും.

ന്യൂനപക്ഷ സ്കോളർഷിപ്പ് മുസ്‌ലിം-ക്രൈസ്തവ വിഭാഗങ്ങൾക്ക് 80-20 അനുപാതത്തിലാണ് നൽകിയിരുന്നത്. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്. 100 ശതമാനവും മുസ്‌ലിം വിഭാഗത്തിന് അർഹതപ്പെട്ട സ്കോളർഷിപ്പ് സ്കീം, ക്രൈസ്തവ വിഭാഗത്തിനുകൂടി ബാധകമാക്കിയതാണ് വിധിക്ക് കാരണമെന്നാണ് മുസ്‌ലിം സംഘടനകളുടെ വാദം. ഇതിനൊപ്പം എൽ.ഡി.എഫിലെ ഘടകകക്ഷിയായ ഐ.എൻ.എല്ലും യു.ഡി.എഫ്. പക്ഷത്തുള്ള ലീഗുമുണ്ട്. ഹൈക്കോടതി നിർദേശിച്ച രീതിയിൽ ജനസംഖ്യാനുപാതികമായി വിഹിതം നൽകണമെന്നതാണ് ക്രൈസ്തവ വിഭാഗത്തിന്റെ വാദം. ഇതിനൊപ്പമാണ് യു.ഡി.എഫിലുള്ള കേരള കോൺഗ്രസ് വിഭാഗം. എൽ.ഡി.എഫിലുള്ള കേരള കോൺഗ്രസ് (എം) മനസ്സുകൊണ്ട് ഈ നിലപാടിലാണെങ്കിലും പരസ്യപ്രതികരണം നടത്തിയിട്ടില്ല. ഇടതുമുന്നണിക്കാകെ അംഗീകരിക്കാവുന്നതും മതസമുദായസംഘടനകൾക്ക് യോജിക്കാവുന്നതുമായ ഒരു സമീപനമാണ് ഇക്കാര്യത്തിൽ വേണ്ടതെന്ന നിലപാടാണ് സർക്കാരിനും സി.പി.എമ്മിനുമുള്ളത്. അതിനുള്ള നയരൂപവത്‌കരണം ആദ്യം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടാക്കും.

സംസ്ഥാനസർക്കാർ നിയമംമൂലം നിശ്ചയിച്ച സർവകലാശാല അധ്യാപക നിയമനത്തിലെ സംവരണരീതിയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. എല്ലാവകുപ്പുകളിലെയും അധ്യാപക ഒഴിവുകൾ ഒറ്റയൂണിറ്റായിക്കണ്ട് സംവരണം നിശ്ചയിക്കുന്ന രീതിയാണ് സർക്കാർ കൊണ്ടുവന്നത്. ഇത് പലവകുപ്പുകളിലും സംവരണ ആനുകൂല്യം ലഭിക്കാത്ത സ്ഥിതിയുണ്ടായി എന്ന പരാതിയിലാണ് ഹൈക്കോടതി നിയമം റദ്ദാക്കിയത്. ഓരോ വകുപ്പിലും ഒഴിവുവരുന്ന തസ്തികകളിൽ ചാക്രികാടിസ്ഥാനത്തിൽ സംവരണം അനുവദിക്കുന്ന രീതിയായിരുന്നു നേരത്തേയുണ്ടായിരുന്നത്.

ഹൈക്കോടതി ഉത്തരവ് പാലിക്കുമ്പോൾ, നിലവിൽ നിയമനം നേടിയ 200 അധ്യാപകർ പുറത്താകുന്ന സ്ഥിതിയുണ്ടാകും. കേരള സർവകലാശാലയിലെ നിയമനമാണ് പരാതിയായി കോടതിയിലെത്തിയതെങ്കിലും കണ്ണൂർ, കോഴിക്കോട്, സംസ്‌കൃത സർവകലാശാലകളിലെ നിയമനങ്ങൾക്കും ബാധകമാകുന്ന വിധത്തിലാണ് വിധി. കേരളയിൽമാത്രം 58 അധ്യാപകരുടെ ജോലിക്കാണ് ഭീഷണിയുള്ളത്.