തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സി.പി.എം. സംസ്ഥാന സെക്രട്ടറി പദത്തിൽനിന്ന് അവധിയെടുക്കുമ്പോൾ പകരംചുമതല ആർക്കു നൽകുമെന്നതിൽ അവ്യക്തത ഏറെയായിരുന്നു. പകരംചുമതല അടുത്ത സമ്മേളനത്തിൽ സെക്രട്ടറിയാകാൻ ‘ക്ലെയിം’ ആകാതിരിക്കാനുള്ള കരുതൽ പാർട്ടിക്കുണ്ട്. അതുകൊണ്ടാണ് ഇടതുമുന്നണി കൺവീനർ സ്ഥാനത്തിരിക്കെത്തന്നെ സെക്രട്ടറിയുടെ ചുമതലയും എ. വിജയരാഘവനു നൽകിയത്.
താത്‌കാലിക ചുമതല നൽകുന്നത് സ്ഥിരം ‘നിയമന’ത്തിനുള്ള യോഗ്യതയായി സി.പി.എം. ഒരിക്കലും പരിഗണിക്കാറില്ല. സി.എച്ച്. കണാരൻ അസുഖബാധിതനായപ്പോൾ ഇ.കെ. നായനാർക്കായിരുന്നു സെക്രട്ടേറിയറ്റിൽ ഏകോപനച്ചുമതല. എന്നാൽ, സി.എച്ചിനു ശേഷം എ.കെ.ജി.യാണ് സംസ്ഥാന സെക്രട്ടറിയായത്. ചടയൻ ഗോവിന്ദന് അസുഖമായപ്പോൾ കോടിയേരിക്കായിരുന്നു ഏകോപനച്ചുമതല. പിന്നീട് പാർട്ടി സെക്രട്ടറിയായത് പിണറായി വിജയനും.
കോടിയേരി നേരത്തേ ചികിത്സയ്ക്കു പോയപ്പോൾ ആറുമാസത്തോളം പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് എം.വി. ഗോവിന്ദനാണ്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ളയും എം.എ. ബേബിയും ഇപ്പോൾ സംസ്ഥാനത്തെ സെക്രട്ടേറിയറ്റ് യോഗങ്ങളിലടക്കം പങ്കെടുക്കാറുമുണ്ട്. എം.എ. ബേബിക്ക് കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളുടെയും എസ്.ആർ.പി.ക്ക് ദേശീയ സെന്ററിന്റെയും ചുമതലയാണ്. എന്നാൽ, സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഇവരെ ഏൽപ്പിക്കാൻ പ്രയാസമില്ല.
ഒരു പി.ബി. അംഗത്തിന് താത്‌കാലിക ചുമതല നൽകിയാൽ അടുത്ത സമ്മേളനത്തിൽ അവരെ മാറ്റി മറ്റൊരാളെ സെക്രട്ടറിയാക്കുന്നത് ബുദ്ധിമുട്ടാകും. എസ്.ആർ.പി. സെക്രട്ടറി സ്ഥാനത്തേക്കു വരുന്നതിന് പിണറായി ഉൾപ്പെടെയുള്ളവർക്ക് എതിർപ്പുണ്ടാകില്ലെങ്കിലും ബേബിയോട് അങ്ങനെയല്ല. ബേബിയെ മാറ്റി എസ്.ആർ.പി.ക്കു നൽകുന്നത് അനുചിതമാവും. ഇതാണ് വിജയരാഘവന്റെ പേര് കോടിയേരിതന്നെ നിർദേശിക്കാൻ കാരണം.
2002-ൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമാവുകയും എം.എ. ബേബിക്കൊപ്പം കേന്ദ്ര സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുകയും ചെയ്തയാളാണ് വിജയരാഘവൻ. അതിനാൽ, സീനിയോറിറ്റി ചോദ്യംചെയ്യപ്പെടില്ല. ഇ.പി. ജയരാജനെ സെക്രട്ടറിയാക്കാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുന്നയാളാണ് പിണറായി. ഇപ്പോൾ, ജയരാജൻ മന്ത്രിയായതിനാലാണ് ചുമതല നൽകാത്തത്.
ഒരുവർഷത്തിനു ശേഷം അടുത്ത പാർട്ടി സമ്മേളനം നടക്കും. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് സെക്രട്ടറിയെ നിർണയിക്കാനും അത് അംഗീകരിക്കാനും വിജയരാഘവനോളം വിശ്വസ്തനായ മറ്റൊരാളില്ല.
പാർട്ടി ക്രമീകരണംമാത്രം
കോടിയേരി ബാലകൃഷ്ണന് ചില അസൗകര്യങ്ങൾ ഉണ്ടായപ്പോൾ പകരം ക്രമീകരണമുണ്ടാക്കുകമാത്രമാണ് ചെയ്തത്. ചുമതലകൾ വഹിക്കുന്നവർക്ക് അസൗകര്യങ്ങളുണ്ടാകുമ്പോൾ ഇത്തരം ക്രമീകരങ്ങൾ ഏർപ്പെടുത്താറുണ്ട്. പ്രതിപക്ഷം ഒരിക്കലും ഞങ്ങളെ സഹായിക്കുന്ന പ്രസ്താവനകൾ നടത്താറില്ല. കൃത്യമായ കാര്യങ്ങൾ പാർട്ടി വിശദീകരിച്ചിട്ടുണ്ട്. ബാക്കിയെല്ലാം ദുർവ്യഖ്യാനങ്ങളാണ്.
- എ. വിജയരാഘവൻ