തിരുവനന്തപുരം: സർക്കാരിന്റെ പ്രവർത്തനങ്ങളും വനിതാമതിലിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും ഇടതുമുന്നണിക്ക് അനുകൂലമാണെന്ന് സി.പി.എം. വിലയിരുത്തൽ. ഈ സാഹചര്യം തിരഞ്ഞെടുപ്പ് നേട്ടമാക്കാൻ ഒരേമനസ്സോടെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, മണ്ഡലം സെക്രട്ടറിമാർ എന്നിവർ പങ്കെടുത്ത ശില്പശാലയിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരമാനിച്ചത്.

2018 ജൂലായിൽ തിരഞ്ഞെടുപ്പ് ഒരുക്കത്തിന് സി.പി.എം. ശില്പശാല നടത്തിയിരുന്നു. എന്നാൽ, അതിനുശേഷം രാഷ്ട്രീയ സാഹചര്യം ആകെ മാറി. ശബരിമല യുവതീപ്രവേശവും പ്രതിഷേധവുമൊക്കെയുണ്ടായി. വിശ്വാസത്തിന്റെ പേരിലുണ്ടായ ഇടതുവിരുദ്ധ രാഷ്ട്രീയപ്രചാരണത്തെ പ്രതിരോധിക്കാനുള്ള തിരക്കിലായിരുന്നു പാർട്ടിയും സർക്കാരും മുന്നണിയും. അതിനാൽ, തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കാര്യമായി മുന്നോട്ടുപോയിരുന്നില്ല. ഇതാണ് വീണ്ടുമൊരു ശില്പാശാല സംഘടിപ്പിക്കാൻ കാരണം.

ന്യൂനപക്ഷ വിഭാഗങ്ങൾ മുമ്പത്തേക്കാൾ മുന്നണിയുമായി നല്ലബന്ധത്തിലാണെന്നാണ് പാർട്ടി വിലയിരുത്തൽ. വനിതാമതിലിൽ ഇവരുടെ പങ്കാളിത്തം പ്രതീക്ഷിച്ചതിലും ഏറെയായിരുന്നു. വനിതാമതിലിന് കടുത്ത എതിർപ്പുകൾ നിലനിൽക്കുമ്പോഴായിരുന്നു ഈ പിന്തുണ. അതിനാൽ, തിരഞ്ഞെടുപ്പിന് ഇടതുമുന്നണിക്ക് സാധ്യതയേറെയാണെന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ.

സർക്കാരിന്റെ പ്രവർത്തനങ്ങളും രാഷ്ട്രീയസാഹചര്യവും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. സംഘടനാ പ്രവർത്തനങ്ങളും കേന്ദ്രകമ്മിറ്റി തീരുമാനങ്ങളും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദമാക്കി.

ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷവും ബി.ജെ.പി.യും ആയുധമാക്കുമെന്നും ഇതിനെ കരുതലോടെ പ്രതിരോധിക്കണമെന്നും നേതാക്കൾ നിർദേശിച്ചു. ജനങ്ങൾക്ക് വിശ്വാസത്തിനു പിന്നിലെ രാഷ്ട്രീയം ബോധ്യമായിട്ടുണ്ട്. അതിനാൽ, ശബരിമല വിഷയത്തെക്കുറിച്ചുള്ള ആധിയല്ല, ജനകീയമായ പ്രവർത്തനമാണ് വേണ്ടത്.

12, 13, 14 തീയതികളിൽ മണ്ഡലംതലത്തിൽ ഇതേ രീതിയിൽ ശില്പശാല നടത്തും. സംസ്ഥാന-ജില്ലാ നേതാക്കൾ കാര്യങ്ങൾ വിശദീകരിക്കും. ലോക്കൽതലംവരെയുള്ളവർക്ക് തിരഞ്ഞെടുപ്പ് സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 30-നകം എല്ലാ ബൂത്തു കമ്മിറ്റികളും യോഗം ചേർന്ന് സ്ഥിതി വിലയിരുത്താനും നിർദേശിച്ചിട്ടുണ്ട്.

content highlights: cpm starts election works