തിരൂർ: വോട്ടെടുപ്പിനുശേഷമുള്ള സാധ്യതകളറിയാൻ സി.പി.എം പ്രവർത്തകർക്കിടയിൽ ഉപയോഗിച്ച ആപ്പ് വിജയംകണ്ടില്ല. ചുമതലയേൽപ്പിച്ച പലർക്കും ആപ്പ് ശരിയായി ഉപയോഗിക്കാനാവാത്തതാണ് കാരണം. മറ്റുപാർട്ടികൾ റിപ്പോർട്ടിങ്ങിനെ അഭയം പ്രാപിക്കുമ്പോഴാണ് ഇത്തവണ തിരഞ്ഞെടുപ്പുവിലയിരുത്തലിന് പുതിയ ആപ്പുമായി സി.പി.എം. രംഗത്തെത്തിയത്. പാർട്ടിയുടെ പോളിങ് ബൂത്ത് ചുമതലയുള്ള വ്യക്തികൾക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ നേരത്തേത്തന്നെ ആപ്പ് നൽകി.

ഫോണിൽ ആപ്പ്‌ തുറക്കാൻ രഹസ്യകോഡും നൽകിയിരുന്നു. എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് ലഭിക്കുന്ന ഉറച്ച വോട്ട്, ലഭിക്കാൻ സാധ്യതയുള്ള വോട്ട്, എതിർസ്ഥാനാർഥിക്ക് ലഭിക്കുന്ന വോട്ട്, വോട്ടുചെയ്യാനെത്താത്തവരുടെ കണക്ക് ഇവയെല്ലാം ആപ്പിൽ രേഖപ്പെടുത്താൻ കഴിയും.

മിക്ക ബൂത്തുകളിൽനിന്നും വോട്ടെടുപ്പുകഴിഞ്ഞ ഉടനെ ബൂത്ത് ഏജന്റുമാർ ആപ്പിൽ കണക്ക് അപ്‌ലോഡുചെയ്തു. എന്നാൽ, സാങ്കേതികവിദ്യയിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്തവർ പലരും ആപ്പ്‌ ഉപയോഗിച്ചില്ല. ഇവർ കടലാസിലെഴുതിയാണ് മണ്ഡലം കമ്മിറ്റികൾക്ക് നൽകിയത്.

ആപ്പ് പൂർണമായും ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിൽ വോട്ടെടുപ്പുദിനത്തിൽ രാത്രിതന്നെ പാർട്ടിയുടെ വിലയിരുത്തൽപ്രകാരമുള്ള ഫലസൂചനകൾ വ്യക്തമാകുമായിരുന്നു. എല്ലാ മണ്ഡലങ്ങളിലെയും ജയപരാജയ കണക്കുകൾ ബുധനാഴ്ച വൈകീട്ടോടെ സംസ്ഥാനനേതൃത്വത്തിന് ലഭിച്ചുതുടങ്ങി.

Content Highlights:  CPM's Mobile App For Communication During Assembly Poll