തിരുവനന്തപുരം: അതിർത്തിയിൽ ചൈനയുമായി പ്രശ്നം നിലനിൽക്കുന്ന അവസരത്തിൽതന്നെ ചൈനീസ് സ്തുതിയുമായി സി.പി.എം. നേതൃത്വം രംഗത്തുവന്നത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണെന്ന് വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയകാഴ്ചപ്പാടിലും വികസനമാതൃകയിലും ചൈനയോടുള്ള ആഭിമുഖ്യം വ്യക്തമാക്കിയാണ് കോട്ടയം ജില്ലാ സമ്മേളനത്തിൽ പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള സംസാരിച്ചത്.

ആഗോളമേധാവിത്വത്തിനായി ചൈനയുമായി കൊമ്പുകോർത്തുകൊണ്ടിരിക്കുന്ന അമേരിക്ക മോദി ഗവൺമെന്റിനെ പാവസർക്കാരായി ഉപയോഗിക്കുന്നുവെന്ന രാഷ്ട്രീയവിമർശനമാണ് സി.പി.എം. ഉയർത്തുന്നത്. ചൈനീസ് വിരുദ്ധപ്രചാരണം ദേശീയതലത്തിൽ ശക്തമായി നടക്കുമ്പോഴാണ് പ്രകീർത്തിച്ചുകൊണ്ടുള്ള സി.പി.എം. പ്രസ്താവന. ചൈനീസ് പരീക്ഷണശാലകളിൽനിന്നാണ് കോവിഡ് വൈറസിന്റെ ഉത്ഭവമെന്ന ആരോപണം നിലനിൽക്കെയാണ് കോവിഡ് മാനേജ്‌മെന്റിലും ചൈനയെ എസ്.ആർ.പി. പുകഴ്ത്തിയത്. കമ്യൂണിസ്റ്റ്, മുതലാളിത്ത പ്രതീകങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് മാതൃകയെ പിന്തുണയ്ക്കുന്നതിനൊപ്പം കേന്ദ്രസർക്കാർ മറുഭാഗത്താണെന്ന് സ്ഥാപിക്കുകയുമാണ് സി.പി.എമ്മിന്റെ ലക്ഷ്യം

ബിഗ് ടിക്കറ്റ് പദ്ധതികൾ ചൈനീസ് മാതൃക

അടിസ്ഥാനസൗകര്യമേഖലയ്ക്ക് വലിയ ഊന്നൽ നൽകിയും സ്വകാര്യനിക്ഷേപകരെ പ്രോത്സാഹിപ്പിച്ചും മുന്നേറുന്ന ചൈനീസ് വികസനമാതൃകയാണ് തങ്ങൾ മുന്നോട്ടുവെക്കുന്നതെന്ന വ്യാഖ്യാനവും നിലപാടിലുണ്ട്. ചൈനയെ ആഗോളതലത്തിൽ ശക്തമായ രാജ്യമെന്ന പ്രതിച്ഛായ സൃഷ്ടിക്കുന്നതിൽ അടിസ്ഥാനസൗകര്യ മേഖലയിലുള്ള ‘ബിഗ് ടിക്കറ്റ്’ പദ്ധതികൾ വലിയ പങ്കുവഹിച്ചു. കെ-റെയിൽ പോലെയുള്ള വൻ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്ക് മുൻതൂക്കം നൽകുമ്പോൾ ചൈനീസ് വികസനമാതൃകയെ പാർട്ടി ഓർമിപ്പിക്കുകയാണ്. കമ്യൂണിസ്റ്റ് കാഴ്ചപ്പാട് വിട്ടുള്ള വികസന മാതൃകയാണ് സംസ്ഥാനസർക്കാർ മുന്നോട്ടുവെക്കുന്നതെന്ന വിമർശമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഇതിനുള്ള മറുപടികൂടിയായാണ് ചൈനീസ് മാതൃക ഉയർത്തിക്കാണിക്കുന്നത്.

എതിർത്ത് പ്രതിപക്ഷം

1962-ലെ ചൈനീസ് പ്രണയത്തിൽനിന്ന്‌ അണുവിട മാറാൻ സി.പി.എം. തയ്യാറായിട്ടില്ലെന്നും ചൈനയാണ് മാതൃരാജ്യമെന്ന് വിശ്വസിക്കുന്നവരാണ് സി.പി.എമ്മിനെ നയിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ മണ്ണ് കവർന്നെടുക്കുന്ന ചൈനീസ് കടന്നുകയറ്റത്തിനുനേരെ മൗനം പുലർത്തുന്ന മോദിക്ക് സി.പി.എം. പരോക്ഷപിന്തുണ നൽകുകയാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സി.പി.എമ്മിന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്യാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

Content Highlights : CPM praised China at the time when problem with China on the border persisting