തിരുവനന്തപുരം: ആസൂത്രിതനീക്കങ്ങളും ഗൂഢലക്ഷ്യത്തോടെയുള്ള നടപടികളുമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ മുന്നറിയപ്പ്. പൗരത്വനിയമ ഭേദഗതിക്കുപിന്നാലെ വോട്ടർപട്ടികയിൽനിന്ന് കൂട്ട ഒഴിവാക്കലുണ്ടാകും. അതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർമാരോട് ഓൺലൈൻ രജിസ്‌ട്രേഷന് ആവശ്യപ്പെടാനൊരുങ്ങുകയാണെന്നും കേന്ദ്രകമ്മിറ്റിയുടെ നിർദേശമായി സംസ്ഥാന കമ്മിറ്റിയിലവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഫോട്ടോപതിച്ച തിരിച്ചറിയിൽ കാർഡുള്ള രാജ്യമാണ് ഇന്ത്യ. അവരോടാണ് ഓൺലൈൻ രജിസ്‌ട്രേഷൻ ആവശ്യപ്പെടുന്നത്. ഗ്രാമീണ മേഖലയിലും ഇന്ത്യയിലെ പല ഉൾപ്രദേശങ്ങളിലും ഇത്തരം രജിസ്‌ട്രേഷൻ സാധ്യമാകില്ലെന്ന ബോധം കേന്ദ്രസർക്കാരിനുമുണ്ട്. പ്രത്യേക ലക്ഷ്യത്തോടെയും ചില വിഭാഗങ്ങളെ ലക്ഷ്യംവെച്ചുമാണ് ഈ നീക്കമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പൗരത്വനിയമം ഭേദഗതിചെയ്തത് വർഗീയ ധ്രുവീകരണം ശക്തമാക്കാനാണ്. രാജ്യത്ത് ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. ഫോട്ടോപതിച്ച വോട്ടർപട്ടികയുണ്ട്. ഈ വോട്ടർപട്ടിക കൃത്യമായി പുതുക്കുന്നുണ്ട്. ഇതിനപ്പുറത്തേക്ക് പൗരത്വരജിസ്റ്ററും ഓൺലൈൻ വോട്ടർ രജിസ്‌ട്രേഷനും ഏർപ്പെടുത്താനൊരുങ്ങുന്നത് മുസ്‌ലിം വിഭാഗങ്ങളെ അകറ്റിനിർത്താനും ഹിന്ദുത്വ വോട്ടുബാങ്ക് ഉറപ്പാക്കാനുമാണ്. ഹിന്ദുത്വരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ എത്തിക്കാനുള്ളതാണ് കേന്ദ്രത്തിന്റെ ഓരോ നടപടിയെന്നും റിപ്പോർട്ട് പറയുന്നു.

പാർട്ടി ഏറ്റെടുക്കേണ്ട നാല് കാര്യങ്ങൾ

* സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർക്ക് അതിജീവിക്കാൻ കഴിയാത്ത നിലപാടും നയവുമാണ് കേന്ദ്രത്തിന്റേത്. അതിനാൽ, ഈ വിഭാഗങ്ങളെ അവരുടെ മേഖലയിൽ ഏകോപിപ്പിക്കാൻ പാർട്ടി അംഗങ്ങൾക്കാവണം. റാലി ഉൾപ്പെടെയുള്ള പ്രതിഷേധമാർഗങ്ങൾ ആസൂത്രണംചെയ്യണം.

* ഹിന്ദുത്വ ഏകീകരണത്തിനും വർഗീയ ധ്രുവീകരണത്തിനും വേണ്ടി മത-ഭാഷാ ന്യൂനപക്ഷങ്ങൾക്കുനേരെ കടുത്ത ആക്രമണമാണ് നടക്കുന്നത്. ഇതിനെതിരേ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി പരമാവധി പ്രതിരോധം തീർക്കണം.

* ഭരണഘടനാ സ്ഥാപനങ്ങളിൽ ആർ.എസ്.എസ്. നുഴഞ്ഞുകയറ്റം വ്യാപകമാണ്. അതിനാൽ, ഭരണഘടനാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനുള്ള പ്രതിരോധം സി.പി.എം. ഏറ്റെടുക്കണം.

* ‘സുരക്ഷിത ഇന്ത്യ’ എന്ന മുദ്രാവാക്യത്തിലൂടെ മത-ഭാഷാ ന്യൂനപക്ഷങ്ങളെയും തൊഴിലാളി-ദളിത് വിഭാഗങ്ങളെയും ശത്രുപക്ഷത്ത് നിർത്തി ആൾക്കുട്ട ആക്രമണത്തിന് ഇരയാക്കുകയാണ്. ഇതിനെതിരേ ജനാധിപത്യ അവകാശവും വ്യക്തിസ്വാതന്ത്ര്യവും ബോധ്യപ്പെടുത്തുന്നവിധം മാധ്യമപ്രചാരണം ഏറ്റെടുക്കണം.

Content Highlights; cpm report on central government new move