കോട്ടയം: ബി.ജെ.പി.-ആർ.എസ്.എസ്. ശക്തികേന്ദ്രങ്ങളിലെ അസംതൃപ്തരെ ലക്ഷ്യമിട്ട് സി.പി.എം. ഓപ്പറേഷൻ. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ബി.ജെ.പി. ശക്തിതെളിയിച്ച ഇടങ്ങളിലാണ് ഇതിന് കൂടുതൽ ശ്രദ്ധ നൽകിയിട്ടുള്ളത്. പാർട്ടി സമ്മേളനങ്ങൾ പൂർത്തിയാകുമ്പോഴേക്ക് പ്രാദേശികമായ ഈ നീക്കത്തിന്റെ ഒന്നാംഘട്ടമാകും.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ ഞെട്ടിച്ച് ബി.ജെ.പി. അധികാരം നേടിയ പന്തളത്ത് ഇൗ നീക്കത്തിന് ചുമതല വഹിച്ചിരുന്നത് ഒരു ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. ശബരിമല പ്രക്ഷോഭകാലത്ത് ആർ.എസ്.എസിന് ഒപ്പംനിന്ന താഴെത്തട്ടിലെ ചില നേതാക്കളെവരെ ഇടത് ക്യാമ്പിലെത്തിക്കാൻ അവർക്ക് കഴിഞ്ഞു.

നഗരസഭയിലെ ബി.ജെ.പി. പാർലമെന്ററി പാർട്ടിയിൽപോലും കടന്നുകയറി ഭിന്നിപ്പുണ്ടാക്കി ഭരണം അവസാനിപ്പിക്കാൻ ശ്രമം നടത്താൻ പച്ചക്കൊടി കാട്ടിയിരുന്നു. കൗൺസിലർമാർ രാജിവെച്ചാൽ സി.പി.എം.ടിക്കറ്റിൽ വിജയിപ്പിച്ചെടുക്കാൻവരെ ഉറപ്പുനൽകണമെന്നാണ് തീരുമാനം. ആലപ്പുഴയിലെ സമാനനീക്കത്തിന് സി.പി.എമ്മിലെ ഉയർന്ന നേതാവ് നേതൃത്വം വഹിക്കുന്നു. സി.പി.എമ്മിന്റെ പരമ്പരാഗത ശക്തികേന്ദ്രമായിരുന്ന ആലപ്പുഴയിൽ ബി.ജെ.പി.-ആർ.എസ്.എസ്. വളർച്ച ആശങ്കപ്പെടുത്തുന്നതായി പാർട്ടി നേതൃത്വംതന്നെ വിലയിരുത്തിയിരുന്നു.

തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിലും ശക്തമായ നീക്കം നടത്തുന്നുണ്ട്. സംസ്ഥാനത്തുടനീളം ബി.ജെ.പി.-ആർ.എസ്.എസ്. നേതൃത്വം അവഗണിച്ച ഒട്ടേറെ മുൻകാല പ്രാദേശിക നേതാക്കളെ ഇതിനോടകം സി.പി.എമ്മിലെത്തിച്ചു. സംഘപരിവാർ വിട്ടുവരുന്നവർക്ക് അർഹമായ പരിഗണന നൽകണമെന്നും പ്രാദേശികമായി ഇതിന് എതിർപ്പുണ്ടാക്കരുതെന്നും പാർട്ടി നിർദേശം നൽകിയിട്ടുണ്ട്.

ഇതേപോലെ ബി.ഡി.ജെ.എസ്. പ്രാദേശിക ഘടകങ്ങളിൽനിന്ന്‌ അണികളെയും നേതാക്കളും ഒപ്പം കൂട്ടുന്നുണ്ട്.

വിശ്വാസികൾക്കിടയിൽ സ്വാധീനം ഉറപ്പിക്കുന്നതിനൊപ്പമാണ് ജനസ്വാധീനമുള്ള പ്രാദേശിക സംഘപരിവാർ നേതാക്കളെ ചേരിമാറ്റുന്നതും. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പ്രതിരോധത്തിലായ സംസ്ഥാന ബി.ജെ.പി. നേതൃത്വത്തിന് ഇൗ നീക്കങ്ങൾക്ക് തടയിടാൻ കഴിഞ്ഞിട്ടില്ല. പന്തളം നഗരസഭയിൽ രക്ഷാപ്രവർത്തനത്തിന് അവസാനനിമിഷമാണ് പാലക്കാട്ടുനിന്നുള്ള നേതാവിനെ ഇറക്കിയത്.