തിരുവനന്തപുരം: ‘യു.ഡി.എഫിനെയും ബി.ജെ.പി.യെയും ദുർബലപ്പെടുത്തുക, പാർട്ടി വിപുലീകരിക്കുക’ -തിരഞ്ഞെടുപ്പ് അവലോകനത്തിനുശേഷം സി.പി.എം. നിശ്ചയിച്ച രാഷ്ട്രീയ അജൻഡയാണിത്. അതിലൂടെ നേടിയ രണ്ടാം ഗോളാണ് കെ.പി. അനിൽകുമാറിലൂടെ സ്വന്തമാക്കിയത്. ആദ്യത്തേത് കെ.പി.സി.സി. സെക്രട്ടറി പി.എസ്. പ്രശാന്തിന്റെ സി.പി.എം. പ്രവേശനമായിരുന്നു.

വാരിക്കോരി വാഗ്ദാനം നൽകിയും ഓഫർ കാണിച്ച് ആകർഷിച്ചും പാർട്ടിയിലേക്ക് ആളെക്കൂട്ടുന്ന രീതി സി.പി.എമ്മിനില്ല. ആദ്യം നിലവിൽ തുടരുന്ന പാർട്ടിയെ തള്ളണം, രണ്ടാമത് നിലപാട് പ്രഖ്യാപിക്കണം, ഉപാധികളില്ലാതെ സി.പി.എമ്മിന്റെ രാഷ്ട്രീയം സ്വീകരിക്കുന്നുവെന്ന് സ്ഥാപിക്കണം. ഈ മൂന്നുകാര്യങ്ങളിലേക്ക് മറുപാളയത്തിലെ നേതാക്കളെ എത്തിക്കുകയെന്നത് അതികണിശതയുള്ള ആസൂത്രണത്തിലൂടെമാത്രം നടക്കുന്ന കാര്യമാണ്. അതിരഹസ്യവുമാകണം. അത് പ്രാദേശകതലത്തിൽത്തന്നെ നടപ്പാക്കാൻ സി.പി.എമ്മിന് കഴിഞ്ഞുവെന്നതാണ് അനിൽകുമാറിന്റെയും പ്രശാന്തിന്റെയും വരവിലൂടെ വ്യക്തമാകുന്നത്.

‘യു.ഡി.എഫിനും ബി.ജെ.പി.ക്കും പിന്നിൽ അണിനിരന്നവരെ നമ്മളിലേക്ക് അടുപ്പിക്കാനും നമ്മുടെ ബഹുജനസ്വാധീനം വർധിപ്പിക്കാനും ശ്രമിക്കണം. ഇതിന് തടസ്സമാകുന്ന സമീപനം ചിലയിടങ്ങളിലുള്ളത് തിരുത്തനാകണം’ -ഇതാണ് പാർട്ടിറിപ്പോർട്ടിലെ പരാമർശം. പ്രശാന്തിനെ സി.പി.എമ്മിലെത്തിക്കാൻ ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിലാണ് ദൗത്യസംഘം പ്രവർത്തിച്ചത്. എ.കെ.ജി. സെന്ററിൽ പാർട്ടിസെക്രട്ടറിയുടെ പത്രസമ്മേളനവേദിയിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ട് ‘കൂറ്’ പ്രഖ്യാപിക്കുന്ന സഖാവായി പ്രശാന്ത് മാറുന്നതുവരെ എല്ലാം രഹസ്യമായിരുന്നു.

കെ. സുധാകരന്റെ നേതൃത്വത്തോട് കലഹിച്ചുതുടങ്ങിയപ്പോഴെ കെ.പി. അനിൽകുമാർ സി.പി.എമ്മിന്റെ ‘നിരീക്ഷണ’ത്തിലായിരുന്നു. അനിൽകുമാർ കലാപത്തിനുതന്നെയാണ് പുറപ്പാടെന്ന് ബോധ്യമായപ്പോഴാണ് സി.പി.എം. ‘ഓപ്പറേഷൻ’ ആസൂത്രണംചെയ്തത്. സംസ്ഥാനസെക്രട്ടേറിയറ്റ് അംഗമായ എളമരം കരീം, ജില്ലാസെക്രട്ടറി പി. മോഹനൻ എന്നിവർക്കുമാത്രമാണ് അതേക്കുറിച്ച് അറിവുണ്ടായിരുന്നത്. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ അനുമതിയോടെയായിരുന്നു എല്ലാചർച്ചകളും. ദൂതർമുഖേന ആദ്യം മനസ്സറിയുകയും നേതാക്കളുമായി പിന്നീട് ചർച്ചനടത്തുകയും ചെയ്തുവെന്നാണ് വിവരം.

കോടിയേരിയുടെ ഉറപ്പുകിട്ടിയതിനുശേഷമാണ് അനിൽകുമാർ പത്രസമ്മേളനം നിശ്ചയിച്ചത്. കെ. സുധാകരന് ‘സംഘിപട്ടം’ ചാർത്തി രാജിപ്രഖ്യാപിച്ചതോടെ വിജയിച്ചത് സി.പി.എമ്മിന്റെ തന്ത്രമാണ്. ആ പരിഗണന അനിൽകുമാറിന് സി.പി.എമ്മിൽ ലഭിക്കുമെന്നതും ഉറപ്പാണ്. പാലക്കാടുനിന്ന് കോൺഗ്രസ് വിട്ട എ.വി. ഗോപിനാഥ് ഇപ്പോഴും സി.പി.എം. പരിഗണനയിലുള്ള നേതാവാണ്. പക്ഷേ, കളമൊത്തുവന്നിട്ടില്ല.