ഇരിട്ടി: ഡോ. വി. ശിവദാസനെ രാജ്യസഭാ സ്ഥാനാർഥിയാക്കാനുള്ള സി.പി.എം. തീരുമാനം അദ്ദേഹത്തിന്റെ സംഘാടകമികവിനുള്ള അംഗീകാരമായി. ഇരിട്ടിക്കടുത്ത് വാളക്കോട് പാറക്കണ്ടത്തെ ഗ്രാമത്തിൽനിന്നാണ് ശിവദാസൻ രാജ്യസഭയിലേക്ക് പോകാനൊരുങ്ങുന്നത്. സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവും എസ്.എഫ്.ഐ. മുൻ അഖിലേന്ത്യാ പ്രസിഡന്റും വൈദ്യുതി ബോർഡ് അംഗവുമാണ് ഈ നാൽപ്പത്തിമൂന്നുകാരൻ.

എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായിരിക്കെ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യം നേടിയത് സ്ഥാനാർഥിത്വത്തിൽ ഒരു ഘടകമായി. പരേതനായ കെ. നാരായണൻ നമ്പ്യാരുടെയും വെള്ളുവ മാധവിയുടെയും ഏക മകനാണ് ശിവദാസൻ. 17-ാം വയസ്സിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യവും കഷ്ടപ്പാടുമായിരുന്നു പഠനകാലത്തെ കൂട്ട്. മകനെ വളർത്താൻ മാധവി കൂലിപ്പണിയെടുത്തു. രണ്ട് മുറിയുള്ള കട്ടപ്പുര തകർന്നുവീഴാറായതോടെ മുഴക്കുന്ന് ഗ്രാമപ്പഞ്ചായത്തും സി.പി.എം. പ്രദേശികഘടകവും സഹായിച്ച് ചെറിയൊരു കോൺക്രീറ്റ് വീട് നിർമിച്ചുനൽകുകയായിരുന്നു.

വിളക്കോട് യു.പി. സ്കൂളിലും പാല ഹൈസ്കൂളിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ബാലസംഘത്തിൽ സജീവമായി. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി, പേരാവൂർ ഏരിയാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടി എന്നീ സ്ഥാനങ്ങളും വഹിച്ചു. പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽനിന്ന് ചരിത്രത്തിൽ ബിരുദം നേടിയത് ഒന്നാം റാങ്കോടെയാണ്. ഇവിടെ കോളേജ് യൂണിയൻ ചെയർമാനുമായിരുന്നു. തലശേരി ഗവ. ബ്രണ്ണൻ കോളേജിൽനിന്ന്‌ ഒന്നാം ക്ലാസോടെ ബിദുദാനന്തരബിരുദം നേടി.

നിരവധി വിദ്യാർഥിസമരങ്ങളിൽ പങ്കെടുത്ത് മർദനവും ജയിൽവാസവും അനുഭവിച്ചു. വിദ്യാർഥിസമരവുമായി ബന്ധപ്പെട്ട് ജയിൽവാസത്തിനിടയിൽ കണ്ണൂർ സർവകലാശാലയിൽനിന്ന് ഗവേഷണ ബിരുദത്തിനുള്ള അഭിമുഖത്തിനായി കോടതിയിൽനിന്ന്‌ പ്രത്യേകാനുമതിയുമായോടെ ഹാജരായത് ഏറെ ശ്രദ്ധനേടിയിരുന്നു. ‘കേരളത്തിലെ കാർഷികപ്രശ്നങ്ങളിൽ മാധ്യമങ്ങളും സാഹിത്യവും വഹിച്ച പങ്ക്’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായിരിക്കെയാണ് ഡോക്ടറേറ്റ് നേടിയത്. പിന്നീട് ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശായിൽനിന്ന് ഫെലോഷിപ്പും നേടി.

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂർ നിയോജക മണ്ഡലത്തിൽനിന്ന്‌ നിയമസഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പാർട്ടി ജില്ലാ കമ്മിറ്റി പേരാവൂരിൽ നിർദേശിച്ചവരുടെ പട്ടികയിൽ പ്രഥമ പരിഗണന ശിവദാസനായിരുന്നു. മകന്റെ സ്ഥാനലബ്ധിയിൽ സന്തോഷമുണ്ടെന്ന് അമ്മ മാധവി പറഞ്ഞു. പാർട്ടി സ്ഥാനാർഥിയായി പരിഗണിച്ച കാര്യം ശിവദാസൻ തന്നെയാണ് അമ്മയെ അറിയിച്ചത്. വാർത്തയറിഞ്ഞ് മാധ്യമപ്രവർത്തകർ എത്തുമ്പോൾ മകൻ സിതോവും ഭാര്യാപിതാവും റെയ്ഡ്‌കോ ചെയർമാനുമായ പനോളി വത്സനും ശിവദാസന്റെ പാറക്കണ്ടത്തെ വീട്ടിൽ മാധവിക്കൊപ്പം ഉണ്ടായിരുന്നു. ഭാര്യ: ഷഹന വത്സൻ (അധ്യാപിക, അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ). 11 മാസം പ്രായമുള്ള ഒരു മകളുമുണ്ട്.