തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടർഭരണം ഉറപ്പാക്കാനുള്ള സാധ്യതയാണ്‌ നിലവിലുള്ളതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. മുഖ്യമന്ത്രിയെ മുൻനിർത്തി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് ഒരുങ്ങാനും സി.പി.എം. തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമായി മുഖ്യമന്ത്രിയുടെ കേരളപര്യടനംമാറ്റാനാണു തീരുമാനം.

14 ജില്ലകളിലും മുഖ്യമന്ത്രിയുടെ സന്ദർശനം എല്ലാ മേഖലകളിലുമുള്ളവരുമായുള്ള സമ്പർക്കമാക്കിമാറ്റാനാകണം. ഇത് ഇടതുമുന്നണിയുടെ പരിപാടിയാക്കിമാറ്റാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇതനുസരിച്ച് വെള്ളിയാഴ്ച വൈകീട്ടു ചേർന്ന ഇടതുമുന്നണിയോഗം മുഖ്യമന്ത്രിയുടെ പര്യടനത്തിന് സി.പി.എം. തയ്യറാക്കിയ റൂട്ട് മാപ്പ് അംഗീകരിച്ചു.

തിരഞ്ഞെടുപ്പ് വിജയം ജനപിന്തുണ ബോധ്യപ്പെടുത്തുന്നതിനൊപ്പം സർക്കാരിനെതിരേ ഉയർന്ന ആരോപണങ്ങൾക്കുള്ള മറുപടിയായി. ആരോപണങ്ങളും സർക്കാർവിരുദ്ധ പ്രചാരണങ്ങളും ഇനിയും ആവർത്തിക്കും. അതിനെ പ്രതിരോധിക്കാൻ ജനകീയ ഇടപെടൽ ശക്തമാക്കും. സർക്കാരിന്റെ ക്ഷേമപദ്ധതികളും സൗജന്യ കിറ്റ് വിതരണവും ജനപിന്തുണ ഉറപ്പാക്കാൻ സഹായിച്ച പ്രധാന ഘടകമാണ്. അതിനാൽ, ക്ഷേമപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. കോവിഡ് പ്രതിസന്ധി മാറുംവരെ കിറ്റ് വിതരണം തുടരണമെന്നാണ് സി.പി.എം. നിർദേശം.

രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷങ്ങളെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായെന്നാണു വിലയിരുത്തൽ. ബി.ജെ.പി.ക്ക് പല മേഖലയിലും വോട്ടുയർത്തനായത് ഗൗരവത്തോടെ പരിശോധിക്കാനാണു തീരുമാനം. ഇക്കാര്യത്തിൽ ജില്ലാകമ്മിറ്റികൾ വിശദ പരിശോധന നടത്തണമെന്നാണ് സെക്രട്ടേറിയറ്റ് നിർദേശം. 21 മുതൽ ജില്ലാ കമ്മിറ്റികൾ ചേർന്ന് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. ജനുവരി രണ്ട്, മൂന്ന് തീയതികളിൽ സി.പി.എം. സംസ്ഥാനസമിതി ചേരും.

മുഖ്യമന്ത്രിയുടെ കേരള പര്യടനം

മുഖ്യമന്ത്രിയുടെ കേരളപര്യടനം 22-ന് കൊല്ലത്ത് തുടങ്ങും. 30-ന് ആലപ്പുഴയിൽ അവസാനിക്കും. ഇടുക്കി ജില്ലയിലെ പര്യടനം തീരുമാനിച്ചിട്ടില്ല. പൗരപ്രമുഖർ, സാമൂഹിക-മത സംഘടനാപ്രതിനിധികൾ, വിവിധ മേഖലകളിലുടെ പ്രശസ്ത വ്യക്തികൾ, സാംസ്‌കാരിക പ്രവർത്തകർ, യുവജന സംരംഭകർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കാനും സർക്കാരിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുമുള്ള നിർദേശങ്ങൾ സ്വീകരിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.

പര്യടന തീയതികൾ

22-ന് 10.30-ന് കൊല്ലം. വൈകീട്ട് നാലിന് പത്തനംതിട്ട, 23-ന് വൈകീട്ട് നാലിന് കോട്ടയം, 24-ന് വൈകീട്ട് നാലിന് തിരുവനന്തപുരം, 26-ന് 10.30-ന്‌ കണ്ണൂർ, നാലിന്‌ കാസർകോട്, 27-ന് 10.30-ന് കോഴിക്കോട്, വയനാട്-4.00, 28-ന് 11.30-ന് മലപ്പുറം, പാലക്കാട്-4.00, 29-ന് 10.30-തൃശ്ശൂർ, 30-ന് 10.30 എറണാകുളം, ആലപ്പുഴ-4.00.