ചേര്‍ത്തല: പ്രാദേശികനേതാവിന്റെ ആര്‍ഭാടരഹിതവിവാഹം നാട്ടിക എം.എല്‍.എ. ഗീതാഗോപിയ്ക്ക് ഫെയ്‌സ്ബുക്കിലൂടെ സമര്‍പ്പിച്ച് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍. എ.ഐ.വൈ.എഫ്. ഉഴുവ യൂണിറ്റ് പ്രസിഡന്റ് പട്ടണക്കാട് സ്വദേശി കെ.എന്‍. രഞ്ജിത്തിന്റെയും നാട്ടുകാരിയായ ശാരിയുടെയും വിവാഹമാണ് ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചയും വിവാദവുമായത്. ഗീതാഗോപിയുടെ മകളുടെ വിവാഹം സി.പി.ഐ.യ്ക്കുള്ളില്‍ വിവാദമായ സാഹചര്യത്തിലാണ് എ.ഐ.വൈ.എഫ്. യൂണിറ്റ് പ്രസിഡന്റിന്റെ വിവാഹം ചര്‍ച്ചയായിരിക്കുന്നത്.

കളവംകോടം ശക്തീശ്വരം ക്ഷേത്രത്തില്‍ വെള്ളിയാഴ്ചയായിരുന്നു കല്യാണം. പെണ്‍കുട്ടിക്ക് സ്വര്‍ണാഭരണങ്ങളുണ്ടായിരുന്നില്ല. ചരടില്‍കോര്‍ത്ത താലികെട്ടി കല്യാണം. വധൂവരന്മാര്‍ക്ക് വരണമാല്യമെടുത്തുനല്‍കിയത് എ.ഐ.വൈ.എഫ്. ജില്ലാസെക്രട്ടറി ടി.ടി. ജിസ്‌മോന്‍. പങ്കെടുത്ത നൂറുപേര്‍ക്ക് എ.ഐ.വൈ.എഫ്. വക സദ്യയും.

ജിസ്‌മോനാണ് വിവാഹം നാട്ടിക എം.എല്‍.എ.യ്ക്ക് സമര്‍പ്പിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. കമ്യൂണിസ്റ്റുകാരുടെ വിവാഹങ്ങള്‍ ആര്‍ഭാടരഹിതമാകണമെന്നും ഓരോ സഖാക്കളും സമൂഹത്തിന് മാതൃകയാകണമെന്നും നിര്‍ദേശിച്ചാണ് പോസ്റ്റ്. ഒന്നരലക്ഷംപേരാണ് ഈ പോസ്റ്റിന് ലൈക്ക് ചെയ്തിരിക്കുന്നത്. 3000-ത്തോളം ഷെയറുകളുമുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരേ നേതൃത്വത്തിന് ഒരു വിഭാഗം പരാതി നല്‍കി. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ജിസ്‌മോന്‍ തയ്യാറായില്ല.

സി.പി.ഐ. ചേര്‍ത്തല മണ്ഡലം സെക്രട്ടറി എന്‍.എസ്. ശിവപ്രസാദ്, നേതാക്കളായ എന്‍.സി. സിദ്ധാര്‍ഥന്‍, എന്‍.എം. വിഷ്ണു, പി.ഡി. ബിജു, ടി.കെ. രാമനാഥന്‍, മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.