തിരുവനന്തപുരം: പാർട്ടി സഖാക്കളിൽ പൊതുവേ വർഗീയ വിരുദ്ധ നിലപാട് ശക്തമാണെങ്കിലും അപൂർവം ചില പ്രദേശങ്ങളിൽ ന്യൂനപക്ഷ വിരുദ്ധ മനോഭാവം നിലനിൽക്കുന്നുണ്ടെന്ന് സി.പി.എം. വിലയിരുത്തൽ. അത് ഗൗരവത്തോടെ പരിശോധിക്കാനും തിരുത്താനും ഉപരിഘടകങ്ങൾക്ക് കഴിയണമെന്നും നിർദേശിച്ചിട്ടുണ്ട്.

മുമ്പെങ്ങും ഇല്ലാത്തവിധത്തിൽ ന്യൂനപക്ഷവിഭാഗങ്ങൾ ഇടതുപക്ഷത്തോട് ചേർന്നുനിന്ന തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ആ മാറ്റം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ പാർട്ടിഘടകങ്ങൾക്ക് കഴിയുന്നുണ്ടോയെന്ന് പരിശോധിക്കണം.

ക്രൈസ്തവ വിഭാഗത്തിലെ സന്ന്യാസി മഠങ്ങൾ, പ്രായമായവരും വിരമിച്ചവരും താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പാർട്ടി അംഗങ്ങൾ സന്ദർശിക്കുന്നതിന് മനസ്സുകാണിക്കാറില്ല. ഇത് തിരുത്തണം. കമ്യൂണിസ്റ്റ് വിരുദ്ധതയും എൽ.ഡി.എഫിനെതിരായ നിലപാടും രാഷ്ട്രീയശത്രുപക്ഷത്തുള്ളവർക്കുപോലും ഇപ്പോൾ പഴയ രീതിയിലില്ല. അതുൾക്കൊണ്ട്, കൂടുതൽ ആളുകളിലേക്കും കുടുംബങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും സി.പി.എം. കീഴ് ഘടകങ്ങളോട് നിർദേശിച്ചു.

ആർ.എസ്.എസ്. ‘ആഘാതം’ പഠിക്കും

ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾ പ്രാദേശികതലത്തിൽ പരിശോധിക്കാൻ സി.പി.എം. തീരുമാനം. ഏരിയാ കമ്മിറ്റി അംഗത്തിന്റെ സാന്നിധ്യത്തിൽ ബ്രാഞ്ച് തലത്തിൽ പ്രത്യേക യോഗം ചേരും. ആർ.എസ്.എസിന്റെ പ്രവർത്തനം ഓരോ പ്രദേശത്തും ജനങ്ങളിലുണ്ടാക്കിയ സ്വാധീനവും ഏതെങ്കിലും കുടുംബത്തിൽ രാഷ്ട്രീയ വ്യതിയാനും സംഭവച്ചിട്ടുണ്ടോയെന്നതും പരിശോധിക്കുകയാണ് ലക്ഷ്യം.

നിശ്ശബ്ദമായ പ്രചാരണരീതിയിലൂടെ ഹിന്ദുകുടുംബങ്ങളെ കേന്ദ്രീകരിച്ച്, വർഗീയത ആയുധമാക്കിയാണ് ആർ.എസ്.എസ്. പ്രവർത്തിക്കുന്നത്.

അവശത അനുഭവിക്കുന്ന ചില ഹിന്ദു കുടുംബങ്ങളെ പ്രത്യേകം തിരഞ്ഞെടുത്ത് ആർ.എസ്.എസ്. സഹായധനം ഉൾപ്പെടെ നൽകുന്നുണ്ട്. ഇത് തിരിച്ചറിയാനും സി.പി.എമ്മിനൊപ്പംനിന്ന കുടുംബങ്ങളിൽ എന്തെങ്കിലും മനംമാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനുമാണ് പ്രത്യേക യോഗം ചേരേണ്ടത്. ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് ദുർബലപ്പെടുത്താനും പ്രതിരോധിക്കാനും കഴിയണമെന്ന് സി.പി.എം. നിർദേശിക്കുന്നു.