നീലേശ്വരം: നീലേശ്വരത്ത് സി.പി.എമ്മിൽ വീണ്ടുമുയർന്ന സ്ത്രീവിവാദത്തിൽ പാർട്ടി നടപടിയെടുത്തു. നീലേശ്വരം പേരോൽ ലോക്കൽ കമ്മിറ്റിയംഗവും മുൻ പഞ്ചായത്തംഗവുമായ ആളെയാണ് അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കിയത്. ഇതോടെ എല്ലാ പാർട്ടിപദവികളിൽനിന്നും ഇദ്ദേഹത്തെ ഒഴിവാക്കി. ആരോപണമുയർന്ന സാഹചര്യത്തിൽ ഇദ്ദേഹത്തെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.
വിഷയം പരിശോധിക്കാൻ ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി സെക്രട്ടറിയുമായ ദിലീഷ്, നഗരസഭാ സ്ഥിരംസമിതി ചെയർപേഴ്സൺ പി. രാധ, ലോക്കൽ കമ്മിറ്റിയംഗം ടി. ഗംഗാധരൻ എന്നിവരടങ്ങുന്ന മൂന്നംഗ അന്വേഷണക്കമ്മിഷനെ ചുമതലപ്പെടുത്തി. കഴിഞ്ഞദിവസമാണ് അന്വേഷണറിപ്പോർട്ട് നേതൃത്വത്തിന് നൽകിയത്. ചാത്തമത്തെ മൂന്ന് ബ്രാഞ്ചുകളിലെ യോഗംവിളിച്ചാണ് പാർട്ടിനടപടി വിശദീകരിച്ചത്.
ഇദ്ദേഹത്തിനുനേരേ നേരത്തേ സമാനമായ ആരോപണമുയർന്നപ്പോൾ താക്കീതുനൽകി ഒതുക്കിയതാണ്. പ്രവർത്തകരുടെ പ്രതിഷേധമാണ് ഇത്തവണ കടുത്ത നടപടിയിലേക്കെത്തിച്ചത്. അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാനൊരുങ്ങുന്ന സമയം മറ്റൊരു ലോക്കൽ കമ്മിറ്റിയംഗം മുഖാന്തരം ലോക്കൽ സെക്രട്ടറിക്ക് രാജിക്കത്ത് നൽകാനും ഇദ്ദേഹം ശ്രമിച്ചു.
Content Highlights: cpm local committee member expelled from party in nileshwaram