തിരുവനന്തപുരം: കെ.എം. മാണിയെന്ന ശിലയിൽ പടുത്തുയർത്തിയ കേരള കോൺഗ്രസി (എം)ന്റെ മുഖംരക്ഷിക്കാൻ മാണിയെ വിശുദ്ധനാക്കി സി.പി.എം. ഇടപെടൽ. മാണി അഴിമതിക്കാരനായിരുന്നുവെന്ന് സുപ്രീംകോടതിയിൽ സർക്കാർ അഭിഭാഷകൻ പരാമർശിച്ചതാണ് സി.പി.എമ്മിനെയും കേരള കോൺഗ്രസിനെയും ഒരുപോലെ വെട്ടിലാക്കിയത്. ഇതിൽനിന്ന് കരകയറാനുള്ള ധാരണയാണ് രണ്ടുദിവസമായി നടന്ന സി.പി.എം.- കേരള കോൺഗ്രസ് ചർച്ചയിൽ ഉണ്ടായത്.

മാണിയെ ശ്ലാഘിച്ച് സി.പി.എം. രംഗത്തുവരുകയും അതിന്റെ ചുവടുപിടിച്ച് വിവാദം അവസാനിപ്പിക്കാനുമായിരുന്നു ഇരുപാർട്ടികളുടെയും ധാരണ. കേരള കോൺഗ്രസ് സ്റ്റിയറിങ്‌ കമ്മിറ്റി തുടങ്ങുന്നതിന് മുമ്പുതന്നെ ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ മാണിയെന്ന പേര് അഭിഭാഷകൻ കോടതിയിൽ ഉച്ചരിച്ചില്ലെന്ന ന്യായം അവതരിപ്പിച്ചു. കേരള കോൺഗ്രസ് മുന്നണിയിലെ പ്രധാനപ്പെട്ട കക്ഷിയാണെന്നും ദീർഘനാൾ പൊതുരംഗത്തുണ്ടായിരുന്ന മാണി അനുഭവസമ്പത്തുള്ള നേതാവായിരുന്നുവെന്നും അദേഹം അഭിപ്രായപ്പെട്ടു.

ഈ വിശദീകരണത്തിൽ വിശ്വാസമർപ്പിച്ച് വിവാദം അവസാനിപ്പിക്കാൻ കേരള കോൺഗ്രസും തയാറായി. യു.ഡി.എഫ്. മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും സി.പി.എമ്മിന്റെ വിശദീകരണം ഉൾക്കൊള്ളുന്നുവെന്നുമുള്ള നിലപാടിലേക്ക് ജോസ് കെ. മാണിയെത്തി. സർക്കാരിന്റെ സത്യവാങ്മൂലത്തിൽ മാണിയുടെ പേര് പറഞ്ഞ് പരാമർശമില്ലായിരുന്നുവെന്നതും പ്രശ്‌നപരിഹാരത്തിന് സഹായകരമായി.