കോഴിക്കോട്: മുസ്‌ലിംലീഗിൽ അടുത്തകാലത്തായി രൂപപ്പെട്ട വിഭാഗീയതയും നേതാക്കൾ തമ്മിലുള്ള ഭിന്നതകളും പാർട്ടിക്ക് മുന്പില്ലാത്ത പ്രതിസന്ധിയാവുന്നു. ഏതാനും ദിവസംമുമ്പ് നടന്ന നേതൃയോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി നേരിട്ട വിമർശനത്തിന് തൊട്ടുപിന്നാലെയാണ് നിയമസഭയിൽ കെ.ടി. ജലീൽ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇതിനുപിന്നിൽ ലീഗിലെത്തന്നെ ചിലരുടെ അദൃശ്യ സഹായമുണ്ടെന്ന ആരോപണമാണ് പ്രശ്നം സങ്കീർണമാക്കുന്നത്.

നിയമസഭയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.ടി. ജലീലും തമ്മിൽ നടന്നുവരുന്ന വാക്‌പോര് പ്രത്യക്ഷത്തിൽ രണ്ടുപേർ തമ്മിലുള്ള വ്യക്തിവൈരാഗ്യമായി ചുരുക്കിക്കാണാൻ രാഷ്ട്രീയകേന്ദ്രങ്ങൾ തയ്യാറല്ല. ലീഗിന്റെ എക്കാലത്തെയും അനിഷേധ്യ നേതൃത്വമാണ് പാണക്കാട് കുടുംബം. ആ കുടുംബത്തിലെ ഇപ്പോഴത്തെ ഒന്നാമനായ ഹൈദരാലി ശിഹാബ് തങ്ങളുടെ പേരുവരെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണമുയർത്താൻ ജലീൽ ഉപയോഗിച്ചു. തങ്ങളെ മറയാക്കി കുഞ്ഞാലിക്കുട്ടി സാമ്പത്തിക നേട്ടമുണ്ടാക്കി എന്നതിലാണ് ജലീൽ ഊന്നൽനൽകിയത്. ഇതിനെല്ലാം അതേ നാണയത്തിൽ മറുപടിപറഞ്ഞ കുഞ്ഞാലിക്കുട്ടി തന്റെ നേതൃത്വത്തിനും അടിവരയിടുകയായിരുന്നു.

എന്നാൽ, പഴയ സഹപ്രവർത്തകർ തമ്മിലുള്ള കണക്കുതീർക്കൽ മാത്രമായി ഇത്തവണത്തെ പോര് ഒതുങ്ങുന്നില്ല. നേരത്തേ ദേശീയ നേതൃത്വത്തിലേക്കുപോയ കുഞ്ഞാലിക്കുട്ടി എം.പി.സ്ഥാനമൊഴിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്കു വന്നതോടെയാണ് ലീഗിൽ ഒരുവിഭാഗം വിമതശബ്ദമുയർത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ തുടങ്ങിയ ഭിന്നത ഇപ്പോഴും തുടരുന്നു.

കേരളത്തിൽ രണ്ടാംവട്ടവും അധികാരത്തിൽനിന്നു മാറിനിൽക്കേണ്ടി വന്നതോടെ ലീഗിന്റെ അണികളിലും നേതൃത്വത്തിലും നിരാശയും അമർഷവും രൂപപ്പെടുന്നുണ്ട്. മുസ്‌ലിം സമൂഹത്തെ പ്രതിനിധാനം ചെയ്യാൻ സമുദായത്തിന്റെ പേരിലുള്ള പാർട്ടിതന്നെ വേണമെന്നില്ലെന്ന രാഷ്ട്രീയസന്ദേശം നേരത്തേത്തന്നെ സി.പി.എം. ഉന്നയിക്കുന്നതാണ്. ലീഗിലെ അമർഷവും ഭിന്നതയും വളർത്താനും അവരെ ദുർബലപ്പെടുത്താനുമാണ് സി.പി.എമ്മിന്റെ പുതിയനീക്കം. ഇതിന്റെ തുടക്കംകൂടിയാണ് കെ.ടി. ജലീലിലൂടെ സി.പി.എം. നടത്തുന്നത്. ജലീലിന്റെ ഒളിയുദ്ധത്തിന് സി.പി.എം നേതൃത്വത്തിന്റെ പിന്തുണയുണ്ട്. ഉൾപ്പാർട്ടി ചർച്ചകളും നടപടികളുമെല്ലാം നേതൃത്വത്തിനെതിരായ പക്ഷം ചോർത്തുന്നുവെന്ന ആരോപണം ലീഗിൽത്തന്നെയുണ്ട്.

യു.ഡി.എഫിലെ ചില ഘടകകക്ഷികൾക്കും ലീഗിന്റെ ചില നിലപാടുകളോട് അതൃപ്തിയുണ്ട്. വിശേഷിച്ചും കോൺഗ്രസിലെ ഒരുവിഭാഗത്തിന്. ന്യൂനപക്ഷ സ്കോളർഷിപ്പ് ഉൾപ്പെടെ സമീപകാലത്ത് ഉയർന്നുവന്ന ചില വിഷയങ്ങളിലെ ലീഗ് നിലപാട് യു.ഡി.എഫിനു പ്രയാസമുണ്ടാക്കുന്നുവെന്ന തോന്നൽ ചില ഘടകകക്ഷികൾ പങ്കുവെക്കുന്നു. ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിലെ വലിയൊരു വിഭാഗം ഇതിനെതിരാണെന്നും ഇത് യു.ഡി.എഫിനെ ക്ഷീണിപ്പിക്കുന്നുവെന്നുമാണ് അവരുടെ നിലപാട്. മുസ്‌ലിംലീഗില്ലാതെ യു.ഡി.എഫിനു നിലനിൽപ്പില്ലെന്ന ബോധ്യവും അവർക്കുണ്ട്. അത്തരത്തിൽ ലീഗിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണവർ. ഈ സാഹചര്യം മുതലെടുത്ത് ലീഗിനകത്തെ ഭിന്നത വലുതാക്കാനുള്ള ശ്രമത്തിലാണ് സി.പി.എം.