കേരളത്തിൽ ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന സി.പി.എം. യു.ഡി.എഫിൽനിന്ന് ഇനിയും ചിലരെക്കൂടി സ്വന്തം പാളയത്തിലേക്കു പ്രതീക്ഷിക്കുന്നു. യു.ഡി.എഫിലെ ഏതെങ്കിലും രാഷ്ട്രീയകക്ഷിയെ കറക്കിയെടുക്കുക എന്നതിനേക്കാൾ അവയിലെ ചില ഗ്രൂപ്പുകളെയും വ്യക്തികളെയും മറുകണ്ടം ചാടിക്കുക എന്നതാണ് സി.പി.എം. തന്ത്രം.

ഇതിനുള്ള ചർച്ചകൾ പലതലങ്ങളിൽ നടന്നുവരികയാണ്. കോൺഗ്രസിലും കേരള കോൺഗ്രസിലും മുസ്‌ലിം ലീഗിലുമെല്ലാം അസംതൃപ്തർ ധാരാളമായുണ്ട്. ഇവരെയാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നതെന്ന് പ്രമുഖ സി.പി.എം. നേതാവ് ‘മാതൃഭൂമി’യോടു പറഞ്ഞു. ‘‘കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിലെ ചലനങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എന്നാൽ, ഞങ്ങൾ വെറും കാഴ്ചക്കാരല്ല. ഇപ്പോൾ കളിക്കാർ കൂടിയാണ്. വൈകാതെ ഇതുസംബന്ധിച്ച് ചില പ്രഖ്യാപനങ്ങൾ കേൾക്കാനാവും’’ -അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനും അവർ പിന്തുടരുന്ന നയങ്ങൾക്കുമെതിരേ പാർട്ടിക്കകത്ത് വലിയൊരു വിഭാഗമുണ്ടെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. ഇവരെ ലക്ഷ്യമിട്ടാണ് നീക്കങ്ങൾ. ആർ.എസ്.പി., കേരള കോൺഗ്രസ് ജോസഫ് വിഭാഗം തുടങ്ങിയ ഘടകകക്ഷികളിലുമുണ്ട്് അസംതൃപ്തർ. ഇവരെല്ലാം പ്രാദേശികമായി സ്വാധീനമുള്ളവരാണ്. ചില അസംതൃപ്തർ ചേർന്ന് പുതിയ ഗ്രൂപ്പുകളും രൂപമെടുക്കുന്നുണ്ട്. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് സി.പി.എമ്മിന്റെ കരുനീക്കങ്ങൾ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫിൽനിന്ന് രണ്ടു ഘടകകക്ഷികളെ ഇടതുമുന്നണിയിലെത്തിക്കാൻ കഴിഞ്ഞത് പൊതുസമൂഹത്തിൽ യു.ഡി.എഫിന്റെ പ്രതിച്ഛായയ്ക്ക് കോട്ടംതട്ടിച്ചിട്ടുണ്ടെന്ന്‌ സി.പി.എം. അനുമാനിക്കുന്നു. കേരളത്തിൽ മുന്നണിക്കു നേതൃത്വം നൽകുന്ന കോൺഗ്രസിന്റെ നിലപാടുകൾ ബി.ജെ.പി.ക്ക് അനുകൂലമാണെന്നു പ്രചരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സി.പി.എം.

ഏറ്റവുമൊടുവിൽ രാഹുൽഗാന്ധിയുടെ അഭിപ്രായത്തിനെതിരേ രമേശ് ചെന്നിത്തല പറഞ്ഞതും സി.പി.എം. ആയുധമാക്കുന്നു. ദേശീയതലത്തിൽ സംഘപരിവാറിനെതിരേ ശബ്ദിക്കുന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരാണ് കേരള നേതൃത്വം എന്ന് സ്ഥാപിച്ചെടുക്കാനാണ് സി.പി.എം. ശ്രമം. കേരള നേതൃത്വത്തിന്റെ നടപടികളിൽ അസംതൃപ്തരായ ധാരാളം പേർ യു.ഡി.എഫിലുണ്ടെന്നാണ് സി.പി.എം. അനുമാനം.

എന്തായാലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ചില കൂറുമാറ്റങ്ങൾ സി.പി.എം. പ്രതീക്ഷിക്കുന്നു. അതിനു മുമ്പുതന്നെ അത് സംഭവിച്ചേക്കാമെന്നും അവർ കണക്കുകൂട്ടുന്നു.