തിരുവനന്തപുരം: സാമൂഹികമാധ്യമരംഗത്ത് പുതിയ ചര്‍ച്ചാപ്ലാറ്റ്ഫോം ആയ ക്ലബ്ബ് ഹൗസിലും രാഷ്ട്രീയ ഇടപെടല്‍ ശക്തമാക്കണമെന്ന് പാര്‍ട്ടി അംഗങ്ങള്‍ക്ക് സി.പി.എം. നിര്‍ദേശം. ഇത്തരം ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ നിലപാടും ആശയവും പ്രചരിപ്പിക്കുന്ന സഖാക്കളായി അംഗങ്ങള്‍ മാറണമെന്നും സി.പി.എം. പറയുന്നു.

പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരേ ഉയരുന്ന സംഭവങ്ങള്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ സഖാക്കള്‍ വൈകാരികമായി പ്രതികരിക്കുന്നത് ഒഴിവാക്കണം. വൈകാരിക ഇടപെടല്‍ പലപ്പോഴും പാര്‍ട്ടിക്ക് ദോഷംചെയ്യുന്ന സ്ഥിതിയാണുള്ളത്. പാര്‍ട്ടി നയങ്ങള്‍ക്കെതിരേ സംസാരിക്കുന്നത് അച്ചടക്കലംഘനമായിത്തന്നെ കണക്കാക്കുകയും അവരുള്‍പ്പെടുന്ന ഘടകം ഇടപെടുകയും വേണം. അനാവശ്യമായ ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയും അതില്‍ അംഗങ്ങളായി ചേരുകയും ചെയ്യുന്ന രീതി നിരുത്സാഹപ്പെടുത്തണമെന്നും സി.പി.എം. നിര്‍ദേശിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ സാമൂഹികമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. 162 ട്രോളുകളാണ് സി.പി.എം. തയ്യാറാക്കി പ്രചരിപ്പിച്ചത്. 282 ചെറുവീഡിയോകളും 88 പോസ്റ്ററുകളും തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മാത്രം തയ്യാറാക്കി.

കുടുംബഗ്രൂപ്പുകളിലേക്ക് വര്‍ഗീയശക്തികള്‍ നുഴഞ്ഞുകയറുന്നെന്ന മുന്നറിയിപ്പും സി.പി.എം. നല്‍കുന്നു. ധ്രുവീകരണം സൃഷ്ടിക്കുന്നതിനാണ് അവരുടെ ശ്രമം. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുകയും തിരുത്തുകയും ചെയ്യുന്നതിനുള്ള ബന്ധം പാര്‍ട്ടി അംഗങ്ങള്‍ക്ക് ജനങ്ങളുമായി ഉണ്ടാകണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.