തൊടുപുഴ: സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റംഗവും വനംവികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പറുമായ പി.എൻ.വിജയനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തും. പി.എൻ.വിജയനും പാർട്ടി പ്രവർത്തകയായ വീട്ടമ്മയും തമ്മിലുള്ള സ്വകാര്യ സംഭാഷണമെന്ന രീതിയിൽ ശബ്ദരേഖ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് നടപടി.

ജില്ലയിലെ മുതിർന്ന സി.പി.എം.നേതാവിനെതിരേ ഉയർന്ന ആരോപണം ആന്വേഷിക്കാനും കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടേറിയറ്റിന്റെ നടപടി സംസ്ഥാന കമ്മിറ്റിയിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.

പാർട്ടി പ്രവർത്തകയായ വീട്ടമ്മയുമായി പി.എൻ.വിജയൻ നടത്തിയെന്ന് സംശയിക്കുന്ന സ്വകാര്യ സംഭാഷണത്തിന്റെ ശബ്ദരേഖ ഒരാഴ്ച മുമ്പാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

അതേസമയം, പാർട്ടിയിലെതന്നെ ഒരു പ്രബല വിഭാഗം പി.എൻ.വിജയനെ ഹണിട്രാപ്പിൽപ്പെടുത്തുകയായിരുന്നെന്നും ആക്ഷേപമുണ്ട്. അടുത്ത ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കേട്ട പേരുകളിലൊന്ന് പി.എൻ.വിജയന്റേതായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനം സ്വപ്‌നം കാണുന്ന ചില നേതാക്കളുടെ അറിവോടെയാണ് ശബ്ദരേഖ പുറത്തുവന്നതെന്നാണ് ആക്ഷേപം.