sarath kripeshതിരുവനന്തപുരം: കേരളമനസ്സ് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂലമായി പാകപ്പെടുത്താനുള്ള ജാഥയ്ക്കിടെയുണ്ടായ ഇരട്ടക്കൊലപാതകം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. കേട്ടുകേൾവിയില്ലാത്തവിധം ഒരേ പാർട്ടിയിലെ രണ്ടുപേരെ ഒരുമിച്ചു വെട്ടിക്കൊന്ന സംഭവം സർക്കാരിനും സി.പി.എമ്മിനുമുണ്ടാക്കിയ തിരിച്ചടി ചെറുതല്ല. പതിവില്ലാത്തവിധം ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി തൃശ്ശൂരിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ജി. സെന്ററിലെത്തി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് ചർച്ച നടത്തിയത് സംഭവത്തിന്റെ രാഷ്ട്രീയ ഗൗരവം കൊണ്ടാണ്. കാനം രാജേന്ദ്രനും കോടിയേരിയും നയിക്കുന്ന ജാഥകളും നിർത്തിവെക്കേണ്ടിവന്നു.

ഷുക്കൂർ വധക്കേസിൽ പി. ജയരാജന്റെ പേരിൽ സി.ബി.ഐ. കൊലക്കുറ്റം ചുമത്തി കുറ്റപത്രം നൽകിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.കതിരൂർ മനോജ് വധക്കേസിലും ജയരാജൻ പ്രതിയാണ്. ഫസലിന്റെയും ഷുഹൈബിന്റെയും കേസിൽ സി.പി.എമ്മാണ് പ്രതിക്കൂട്ടിൽ. പി. ജയരാജൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന ആഭ്യൂഹങ്ങളുയരുമ്പോഴാണ് അദ്ദേഹത്തിനെതിരേ കൊലക്കുറ്റം ചുമത്തി സി.ബി.ഐ. കുറ്റപത്രം നൽകുന്നത്. ഇത് യു.ഡി.എഫ്. പ്രചാരണായുധമാക്കുന്നതിനിടെയാണ് ഇരട്ടക്കൊലയുടെ ഉത്തരവാദിത്വംകൂടി സി.പി.എമ്മിന്റെ തലയിലേക്ക് വരുന്നത്.

വിരലുകൾ പാർട്ടിക്ക് നേരേ നീളാതിരിക്കാൻ

കൊലപാതകത്തെ അപലപിക്കുന്ന പതിവുരീതിക്കപ്പുറം കുറ്റവാളിക്ക് ഒരു സഹായവും നൽകില്ലെന്നും രാഷ്ട്രീയബോധമില്ലാത്തവരാണ് കൊലപാതകത്തിനുപിന്നിലെന്നും കോടിയേരി നിലപാട് കടുപ്പിച്ചത് കുറ്റാരോപണം പാർട്ടിക്കു നേരേ നീളാതിരിക്കാനാണ്. ഉത്തരവാദിത്വം കൊന്നവരിലൊതുക്കി പാർട്ടിയിലേക്ക് എത്തിക്കാതിരിക്കുകയെന്ന ജാഗ്രതയാണ് സി.പി.എം. പുലർത്തുന്നത്.

പകരത്തിനുപകരം അന്നുതന്നെ തീർക്കുന്ന രീതി മുമ്പ് കണ്ണൂരിലുണ്ടായിരുന്നു. ഈ സർക്കാർ അധികാരമേറ്റതിന്റെ ആദ്യ നാളുകളിൽ പയ്യന്നൂരിൽ അരമണിക്കൂറിനുള്ളിൽ സി.പി.എം.-ബി.ജെ.പി. പ്രവർത്തകർ കൊല്ലപ്പെട്ടു. മാഹിയിലും പള്ളൂരിലുമായി സി.പി.എം.-ബി.ജെ.പി. പ്രവർത്തകർ കൊല്ലപ്പെട്ടതാണ് ഈ ഗണത്തിലെ ഒടുവിലത്തേത്. പക്ഷേ, ഒരേ പാർട്ടിയിലെ രണ്ടുപേരെ ഒരുമിച്ചു വെട്ടിക്കൊല്ലുന്ന രീതി സമീപകാല ചരിത്രത്തിലുണ്ടായിട്ടില്ല. അതിന്റെ കറ സി.പി.എമ്മിന്റെ കൈകളിലായതോടെ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ നേതാക്കളും പ്രതിരോധത്തിലായി.

കൊലപാതകത്തിന്റെ സ്വാഭാവിക പ്രതികരണമെന്നാണ് തിരിച്ചടിയുണ്ടാകുമ്പോഴുണ്ടാകാറുള്ള വിശദീകരണം. പക്ഷേ, ആ ഘട്ടത്തിലൊക്കെ ഇരുവശങ്ങളിലായി സി.പി.എമ്മും ബി.ജെ.പി.യുമാണ് ഉണ്ടാകാറുള്ളത്. എന്നാൽ, കോൺഗ്രസ് പ്രവർത്തകരായ കണ്ണൂരിലെ ഷുഹൈബിന്റേതും കാസർകോട് പെരിയയിലെ കൃപേഷ്, ശരത് എന്നിവരുടേതും ഏകപക്ഷീയമായ കൊലപാതകമായിരുന്നു. ഇതും സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നുണ്ട്.

ടി.പി.കൊലപാതകത്തിന് പിന്നാലെ

സി.പി.എമ്മിനെ ഏറ്റവും കൂടുതൽ വേട്ടയാടിയത് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകമായിരുന്നു. നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിലായിരുന്നു ഇത്. തിരഞ്ഞെടുപ്പിലുടനീളവും അതിനുശേഷവും സി.പി.എമ്മിന് വിശദീകരണം നൽകേണ്ടിവന്ന സംഭവം. അതേ രീതിയിൽ പാർട്ടിയെ വെട്ടിലാക്കുകയാണ് കാസർകോട്ടെ ഇരട്ടക്കൊലപാതകം. പ്രതികളെ പിടികൂടി നിയമത്തിന്റെ മുമ്പിലെത്തിച്ച് വിശ്വാസം തെളിയിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. കുറ്റവാളികളെ ഒറ്റപ്പെടുത്തി പാർട്ടിയും നിലപാട് സ്വീകരിക്കും. എത്ര തള്ളിയാലും സി.പി.എം. നേതാക്കളിലേക്ക്‌ വിരൽചൂണ്ടി യു.ഡി.എഫ്. ഇത് ചോദിക്കുമെന്ന് ഉറപ്പാണ്.

കോടിയേരിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ

‘‘രാഷ്ട്രീയപ്പാർട്ടികളെ വിശ്വാസത്തിലെടുത്ത് രാഷ്ട്രീയകൊലപാതകത്തിന് അറുതിവരുത്താൻ കഴിഞ്ഞുവെന്നതാണ് ഈ സർക്കാരിന്റെ നേട്ടം’’ -കൊലപാതകത്തിന് 24 മണിക്കൂർ മുമ്പ് കോടിയേരി പറഞ്ഞതാണിത്.

Content Highlights: cpm gets trouble after kasargod murder