തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ തോൽവിയിലേക്കും വിജയിച്ചിട്ടും വോട്ടുചോർച്ചയിലേക്കും നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ടുകൾ തയ്യാറായിത്തുടങ്ങി. ചിലയിടങ്ങളിൽ നടപടികളും നിർദേശിച്ചിട്ടുണ്ട്. പാർട്ടി സമ്മേളനങ്ങളിൽ ഏറെ ചർച്ചകൾക്ക് ഇത് വഴിയൊരുക്കും.

പാലായിൽ സിപി.എം. വോട്ട് ചോർന്നു

കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി മത്സരിച്ച പാലായിലും ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് മത്സരിച്ച കടുത്തുരുത്തിയിലും സി.പി.എം. വോട്ടുകൾ ചോർന്നെന്നാണ് കമ്മിഷനു ലഭിച്ച വിവരം. പാലായിൽ കാലങ്ങളായി ഇടത് സ്ഥാനാർഥിയായിരുന്ന മാണി സി. കാപ്പന് സി.പി.എം. അണികളുമായി അടുപ്പമുണ്ടായിരുന്നു. ജോസ് കെ. മാണിയോടും അദ്ദേഹത്തിന്റെ അണികളോടും ചേർന്നു പ്രവർത്തിക്കാൻ താഴേത്തട്ടിൽ സി.പി.എമ്മിനു കഴിഞ്ഞില്ല.

കടുത്തുരുത്തിയിൽ സി.പി.എമ്മിന്റെ രണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങൾ വേണ്ടവിധം പ്രവർത്തിച്ചില്ല. കേരള കോൺഗ്രസ് എമ്മിന് ഏറ്റവുമധികം കേഡർവോട്ടുകളുള്ള കടുത്തുരുത്തിയിൽ അത് വിജയത്തിലേക്ക് എത്തിക്കാനായില്ല. താഴേത്തട്ടിൽ സി.പി.എം., കേരള കോൺഗ്രസ് പാർട്ടികളുടെ ഒത്തുചേർന്നുള്ള പ്രവർത്തനം ഫലപ്രദമായില്ല.

സ്വരാജിനെ കാലുവാരി

തൃപ്പൂണിത്തുറയിൽ എം. സ്വരാജിന്റെ പരാജയത്തിന് സി.പി.ഐ.യുടെ കാലുവാരലും കാരണമായെന്ന് സി.പി.എം. പരാതി. ഉദയംപേരൂർ പഞ്ചായത്തിൽ അഞ്ചു ബൂത്തുകളിൽ വോട്ടുകുറഞ്ഞത് ചൂണ്ടിക്കാട്ടിയാണിത്. സി.പി.എം. ജില്ലാകമ്മിറ്റിയിൽ ഇടതുമുന്നണി കൺവീനർകൂടിയായ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനു മുന്നിലാണ് പരാതിയുയർന്നത്. ഇക്കാര്യം സി.പി.ഐ.യുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ആറന്മുളയിൽ ഒരുവിഭാഗം വിട്ടുനിന്നു

വീണാ ജോർജ് മത്സരിച്ച ആറന്മുളയിൽ തിരഞ്ഞെടുപ്പിൽ ജാഗ്രതക്കുറവുണ്ടായെന്ന് മുൻ എം.എൽ.എ. എ. പദ്മകുമാറിന്റെ നേതൃത്വത്തിൽ സി.പി.എം. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട്. തുടർഭരണം ഉണ്ടാകില്ലെന്നുകരുതി ഒരുവിഭാഗം പാർട്ടി അംഗങ്ങൾ പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിന്നു. ചിലർ സജീവമല്ലെന്ന് വീണാ ജോർജ് സംസ്ഥാന നേതൃത്വത്തിനു പരാതിനൽകിയിരുന്നു. അന്ന് സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കൾ ഇറങ്ങിയാണ് പ്രശ്നം പരിഹരിച്ചത്.

പത്തനംതിട്ട, കോഴഞ്ചേരി, ആറന്മുള, പന്തളം ഏരിയാ കമ്മിറ്റികളുടെ പരിധിയിലുള്ള 22 ലോക്കൽ കമ്മിറ്റികളിൽ 20 എണ്ണത്തിലെ 267 അംഗങ്ങൾ പ്രവർത്തനങ്ങളിൽ പങ്കെടുത്തില്ല. ഇലന്തൂരിൽ രണ്ട് എൽ.സി. അംഗങ്ങൾ വിട്ടുനിന്നു. മല്ലപ്പുഴശ്ശേരിയിൽ എൽ.സി. അംഗം സ്ലിപ്പ് വിതരണം ചെയ്തില്ലെന്നും ഇത് സംസ്ഥാന കമ്മിറ്റി അംഗം കെ. അനന്തഗോപന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ദിവസം കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്.

പ്രായാധിക്യം കാരണം സജീവമാകാൻ കഴിയാതിരുന്നവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. വിട്ടുനിന്നവരിൽ വലിയൊരു ശതമാനത്തിന്റെ അംഗത്വവും പുതുക്കേണ്ടതില്ലെന്ന് സി.പി.എം. തീരുമാനിച്ചിട്ടുണ്ട്.

പൊന്നാനിയിലും പെരിന്തൽമണ്ണയിലും വീഴ്ച

പൊന്നാനി മണ്ഡലത്തിലെ പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിൽ നേതൃത്വത്തിന് തെറ്റുപറ്റിയെന്നാണ് പി.കെ. സൈനബ അധ്യക്ഷയായ കമ്മിഷന്റെ വിലയിരുത്തൽ. സിദ്ദിഖിനെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ട് ഒരുവിഭാഗം പ്രവർത്തകർ നടത്തിയ പ്രകടനം തടയാൻ ഇടപെടലുണ്ടായില്ല. ഏരിയാ സെക്രട്ടറി പി.കെ. ഖലീമുദ്ദീൻമുതൽ സംസ്ഥാന കമ്മിറ്റിയംഗം പി. ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്ക് ഇക്കാര്യത്തിൽ തെറ്റുപറ്റി. എങ്കിലും പി. നന്ദകുമാറിനെ സ്ഥാനാർഥിയായി തീരുമാനിച്ചതോടെ പ്രതിഷേധക്കാരടക്കം അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

പെരിന്തൽമണ്ണയിലെ തോൽവിയിൽ മുതിർന്ന നേതാക്കൾക്കടക്കം ഉത്തരവാദിത്വമുണ്ട്. സംഘടനാവിരുദ്ധ പ്രവർത്തനം നടന്നതായും പി. നന്ദകുമാർ എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള കമ്മിഷൻ കണ്ടെത്തി. ഇടതുസ്വതന്ത്രനായി മത്സരിച്ച മുൻ ലീഗ് നേതാവ് കെ.പി.എം. മുസ്തഫയെ തോൽപ്പിക്കാൻ ശ്രമമുണ്ടായി. സ്ഥാനാർഥിത്വത്തിലേക്ക് പരിഗണിക്കപ്പെട്ട മുൻ നഗരസഭാധ്യക്ഷൻ എം. മുഹമ്മദ് സലീം ഉൾപ്പെടെയുള്ളവരോട് വിശദീകരണം തേടി.

അമ്പലപ്പുഴയിൽ വീഴ്ച

അമ്പലപ്പുഴയിൽ എളമരം കരീമും കെ.ജെ. തോമസും ചേർന്നു നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റിനു സമർപ്പിച്ചിരിക്കുകയാണ്. സുധാകരന് വീഴ്ചപറ്റിയെങ്കിലും നടപടിക്കു ശുപാർശചെയ്തതായി സൂചനയില്ല. ചെങ്ങന്നൂർ ഒഴികെയുള്ള മറ്റു മണ്ഡലങ്ങളിലും ഭൂരിപക്ഷം കുറഞ്ഞതാണ് സുധാകരൻ ചൂണ്ടിക്കാണിച്ചത്. കടുത്ത വെല്ലുവിളിയുയർന്നിട്ടും കായംകുളം നിലനിർത്താനായെന്നും പാർട്ടി വിലയിരുത്തി.

അരൂരിൽ ആദ്യഘട്ടത്തിൽ പിന്നിലായിരുന്നു. ഇതു മനസ്സിലാക്കി പാർട്ടി ഘടകങ്ങളെ ചലിപ്പിച്ചത് വിജയം കൊണ്ടുവന്നു. തോമസ് ഐസക്കിന്റെ സീറ്റായിരുന്ന ആലപ്പുഴയിൽ ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞു.

കൊല്ലത്ത് അന്വേഷണം പുരോഗതിയിൽ

മൂന്നു സംസ്ഥാനകമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ കുണ്ടറയിലെയും കരുനാഗപ്പള്ളിയിലെയും തോൽവി അന്വേഷിച്ചുവരുന്നു. ഇരവിപുരം ഒഴികെയുള്ള 10 മണ്ഡലങ്ങളിലുണ്ടായ വോട്ടുചോർച്ച സമ്മേളനങ്ങളിൽ ചർച്ചയാകും. മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മ മത്സരിച്ച കുണ്ടറയിലാണ് കൂടുതൽ വോട്ട് കുറഞ്ഞത്. കരുനാഗപ്പള്ളിയിൽ സി.പി.ഐ. സ്ഥാനാർഥിക്കുണ്ടായത് ‘വൻ’ പരാജയമായിരുന്നെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ.

ജില്ലയിലെ സംഘടനാ കെട്ടുറപ്പിന് ക്ഷതമേൽപ്പിക്കുന്ന ഘടകങ്ങൾ തിരിച്ചറിഞ്ഞ് തിരുത്തൽ സ്വീകരിക്കണമെന്ന് തദ്ദേശതിരഞ്ഞെടുപ്പ് അവലോകനത്തിൽ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാണിച്ചിരുന്നു. ഈ നിർദേശം ജില്ലാ കമ്മിറ്റി വേണ്ടവണ്ണം ശ്രദ്ധിച്ചില്ലെന്ന് സംസ്ഥാനകമ്മിറ്റിയുടെ പുതിയ കത്തിലുണ്ട്.