തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ശബരിമല ഖേദപ്രകടനം അനവസരത്തിലെ പ്രയോഗമായെന്ന് സി.പി.എം. നേതാക്കൾ. ശബരിമല വിഷയം ആവർത്തിച്ച് ഉന്നയിക്കാൻ യു.ഡി.എഫിനും ബി.ജെ.പി.ക്കും അവസരം നൽകുന്നതാണിതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കോൺഗ്രസാണ് ശബരിമല വീണ്ടും തിരഞ്ഞെടുപ്പുവിഷയമായി ഉന്നയിച്ചുതുടങ്ങിയത്. ഇതിൽ പാർട്ടിനിലപാട് വ്യക്തമാക്കിയതോടെ ആ ചർച്ചയുടെ ശക്തി നിലച്ചതാണ്. കടകംപള്ളിയുടെ ഖേദപ്രകടനം പ്രതിപക്ഷത്തിന് വീണ്ടും ആയുധം നൽകാനേ വഴിയൊരുക്കൂ എന്നാണ് സി.പി.എം. നേതാക്കളുടെ പ്രതികരണം.

ശബരിമലയിൽ യുവതീപ്രവേശം സംബന്ധിച്ച ചർച്ച ഉയരാൻ ഇടനൽകരുതെന്നായിരുന്നു സി.പി.എം. നേരത്തേ തീരുമാനിച്ചത്. വിശ്വാസസംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് ഉമ്മൻചാണ്ടി പ്രഖ്യാപിച്ചപ്പോൾ, അതിനോട് അകലംപാലിച്ചാണ് സി.പി.എം. തുടക്കത്തിൽനിന്നത്. വിശ്വാസസംരക്ഷണ നിയമത്തിന്റെ കരട് പുറത്തുവിട്ട് കോൺഗ്രസ് കയറിക്കളിച്ചപ്പോഴാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. സുപ്രീംകോടതിവിധി വരട്ടെയെന്നും അത് നടപ്പാക്കുന്നത് ചർച്ചചെയ്തും സമവായത്തിലൂടെയും ആകമെന്നായിരുന്നു സി.പി.എം. വിശദീകരണം.

ശബരിമലയിൽ യുവതികൾ കയറിയതിനെക്കുറിച്ച് മിണ്ടാതെ പുതിയ സാഹചര്യം നേരിടുന്നത് എങ്ങനെയാകുമെന്നതിൽമാത്രം വിശദീകരണം നൽകിയാണ് സി.പി.എം. ഇതുസംബന്ധിച്ച ചർച്ച അവസാനിപ്പിച്ചത്. നവോത്ഥാനവാദവും ആവർത്തിച്ചില്ല. ശബരിമലയിൽ യുവതികൾ കയറാനിടയായതിൽ ഖേദമുണ്ടെന്ന് ദേവസ്വംമന്ത്രിതന്നെ തുറന്നുപറഞ്ഞത്, പാർട്ടിനിലപാട് തെറ്റായിപ്പോയെന്ന് സമ്മതിക്കുന്നതിന് തുല്യമായെന്നാണ് നേതാക്കൾ പറയുന്നത്.

കടകംപള്ളിയുടെ പരാമർശം സംബന്ധിച്ച് കൂടുതൽ പ്രതികരണം വേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം. ശബരിമല ‘സെറ്റിൽ’ ചെയ്ത വിഷയമാണെന്നായിരുന്നു പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പ്രതികരിച്ചത്. വിമർശിക്കാൻ എൻ.എസ്.എസിന് ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കടകംപള്ളിയുടെ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്നും ശബരിമല വിഷയത്തിൽ പാർട്ടി നേരത്തേ നിലപാട് വ്യക്തമാക്കിയതാണെന്നും ആക്ടിങ്‌ സെക്രട്ടറി എ. വിജയരാഘവനും പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടിനിലപാടിൽ ഒരുമാറ്റവുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.