കൊച്ചി: നേതൃത്വം ശക്തമായ നിഷേധവുമായി രംഗത്തുവരുമ്പോഴും മതതീവ്രവാദ സംഘടനകളിൽ നിന്നുള്ളവരുടെ നുഴഞ്ഞുകയറ്റം പാർട്ടിയിൽ അസ്വസ്ഥത പടർത്തുന്നു. ചില തീവ്രവിഭാഗങ്ങളിൽ നിന്ന് പാർട്ടിയിലേക്ക് വരുന്നവരെ ഉത്സാഹത്തോടെ ആനയിച്ചത് വിനയായെന്ന ചർച്ചകൾ താഴെത്തട്ടിൽ നടക്കുന്നുണ്ട്.

മതതീവ്രവാദ സംഘടനകളിൽ പ്രവർത്തിക്കുന്നവർ, കുറച്ചുനാൾ അതിൽ നിന്ന് പിന്മാറിയതായി തോന്നുന്നവിധത്തിൽ ഒന്നിലും പ്രവർത്തിക്കാതിരിക്കും. പിന്നീട് സി.പി.എമ്മിനോട് ആഭിമുഖ്യം കാട്ടും. അത്തരക്കാരെ പാർട്ടി വലിയ ആവേശത്തോടെ സ്വീകരിച്ചുവെന്ന പരാതിയാണ് താഴെത്തട്ടിൽ. പാർട്ടിയിലേക്ക് എത്തുന്ന ഇവർക്ക് പ്രത്യേക പരിഗണനകൾ കിട്ടുന്നതോടെ അവർ പ്രദേശത്തെ മറ്റ് പാർട്ടി അംഗങ്ങളെ ഞെട്ടിക്കുന്ന വിധത്തിൽ തീവ്ര’സഖാക്കളാ’യി സ്വയം പ്രചരിപ്പിക്കുന്നു. നവമാധ്യമങ്ങളാണ് അവരിൽ മിക്കവരുടെയും പ്രധാന ഇടം.

പ്രാദേശികമായി സ്വന്തംനിലയിൽ പരിപാടികൾ സംഘടിപ്പിക്കുകയും അതിൽ മുതിർന്ന നേതാക്കളെ തന്നെ കൊണ്ടുവരാൻ ശ്രമിക്കുന്നതും അവരുടെ രീതിയാണ്. വളരെ പെട്ടെന്ന് മുതിർന്ന നേതാക്കളുമായി ബന്ധം സ്ഥാപിക്കും. പലയിടത്തും നേതാക്കൾക്ക് വ്യക്തിപരമായ ആവശ്യങ്ങൾ ചെയ്തുകൊടുത്ത് പ്രീതി പിടിച്ചുപറ്റുകയും ചെയ്യും. പുറമെ നിന്നുള്ള നേതാക്കൾ എത്തുമ്പോൾ റെയിൽവേ സ്റ്റേഷനുകളിൽ സ്വീകരിക്കാൻ പോകുക, അവർക്കായി സ്വന്തം കാർ വിട്ടുകൊടുക്കുക, വീടുകളിൽ കൊണ്ടുവന്ന് സൽക്കരിക്കുക തുടങ്ങിയ ഇടപെടലുകളിലൂടെ പെട്ടെന്ന് നേതാക്കളുടെ അടുത്ത ആളായി മാറുന്നു.

നേതാക്കളുമൊത്തുള്ള സെൽഫികളും മറ്റും നവമാധ്യമങ്ങളിലിട്ട്, നേതൃത്വത്തിന്റെ അടുത്ത ആളായി സ്വയംപ്രഖ്യാപിക്കുന്നു. ചെറുപ്പക്കാരെ തങ്ങൾക്കൊപ്പം നിർത്താനുള്ള പ്രവർത്തനങ്ങളും ഇവർ ചെയ്യുന്നു. ഇതിനായി ക്ലബ്ബുകളുടെയും മറ്റും ഭാരവാഹിത്വത്തിലേക്ക് വരികയും ടൂർണമെന്റുകളും സാമൂഹികക്ഷേമ പരിപാടികളും മറ്റും സംഘടിപ്പിക്കുകയും ചെയ്യുന്നു.

ന്യൂനപക്ഷ മേഖലയിൽ പെട്ടെന്ന് ചലനമുണ്ടാക്കുന്ന ഇവരോട് പാർട്ടി നേതൃത്വത്തിന് കൂടുതൽ താല്പര്യവുമാവും.

പാർട്ടിയുടെ അടുത്ത ആളുകളായി നിൽക്കുമ്പോൾ തന്നെ അവർ തങ്ങളുടെ പഴയ താവളവുമായുള്ള ബന്ധവും തുടരുകയാണ് ചെയ്യുന്നത്. ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാമെങ്കിലും പ്രദേശത്തെ പഴയ പാർട്ടി പ്രവർത്തകർക്ക് ഒന്നും ചെയ്യാൻ സാധിക്കാറില്ല. നേതൃത്വവുമായി അത്രയും അടുത്ത ബന്ധം സ്ഥാപിക്കുന്ന ഇവരുടെ സഹായമുണ്ടെങ്കിലേ പാർട്ടിയുടെ സാധാരണ പ്രവർത്തകർക്ക് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂവെന്ന സ്ഥിതിപോലും ഉണ്ടാവുന്നു.

content highlights: CPM denies intruding of persons from religious extreme organizations to party