കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പിനുമുൻപ്‌ ഓരോ ലോക്കൽ കമ്മിറ്റിയുടെ പരിധിയിലും വിശ്വാസികളുടെ യോഗം വിളിക്കാൻ സി.പി.എം. നിർദേശം. ക്ഷേത്ര, പള്ളിക്കമ്മിറ്റി ഭാരവാഹികളുടെയും ദേവസ്വം ജീവനക്കാരുടെയും യോഗങ്ങളാണ് പ്രത്യേകം പ്രത്യേകമായി വിളിക്കുന്നത്. സ്വകാര്യ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും യോഗങ്ങളിൽ പങ്കെടുപ്പിക്കും.

ശബരിമല യുവതീപ്രവേശന വിവാദവുമായി ബന്ധപ്പെട്ട് പാർട്ടിയോട് അകന്ന വിഭാഗങ്ങളെ ഒപ്പംകൂട്ടാൻ യോഗങ്ങൾ സഹായിക്കുമെന്നാണ് സി.പി.എം. നേതൃത്വത്തിന്റെ വിലയിരുത്തൽ. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന സംഘപരിവാർ പ്രചാരണംമൂലം ക്ഷേത്ര ജീവനക്കാർക്കും പെൻഷൻകാർക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ യോഗങ്ങളിൽ വിശദീകരിക്കും. ദേവസ്വം ബോർഡിനും സ്വകാര്യ ക്ഷേത്രങ്ങൾക്കും സംസ്ഥാനസർക്കാർ നൽകിയ സഹായങ്ങളും ചർച്ചചെയ്യും.

ക്രിസ്ത്യൻ, മുസ്‌ലിം പള്ളികളിലും സ്ഥാപനങ്ങളിലും മതേതര വിശ്വാസികൾ ഭാരവാഹികളായി വരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്നും സി.പി.എം. കീഴ്ഘടകങ്ങളോട് പറഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ലോക്കൽതല യോഗങ്ങളിൽ പങ്കെടുക്കാത്തവരെ നേതാക്കൾ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ ഇടത്തരക്കാരുടെ യോഗവും വിളിച്ചുചേർക്കും. കുടുംബശ്രീ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ഡെപ്പോസിറ്റ് കളക്‌ഷൻ ഏജൻറുമാർ എന്നിവരുടെ യോഗങ്ങളും സംഘടിപ്പിക്കാൻ പറഞ്ഞിട്ടുണ്ട്. ഈ യോഗങ്ങളുടെ സമയക്രമം ഏരിയ, ലോക്കൽ കമ്മിറ്റികൾ നിശ്ചയിച്ചുകൊടുക്കും. ഇത്തരം യോഗങ്ങളെല്ലാം നവംബർ 10-നുമുൻപ്‌ പൂർത്തിയാക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശം.