തിരുവനന്തപുരം: ഉയർന്ന പോളിങ് ശതമാനം ആർക്കൊപ്പമാണെന്ന കണക്കെടുപ്പ് സി.പി.എം. തുടങ്ങി.

ഓരോ പാർലമെന്റ് മണ്ഡലം കമ്മിറ്റികളും ഈ കണക്ക് തയ്യാറാക്കി സംസ്ഥാന നേതൃത്വത്തിന് നൽകിയിട്ടുണ്ട്. ഇത് വിലയിരുത്താൻ സംസ്ഥാന സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച ചേരും.

സമീപകാല തിരഞ്ഞെടുപ്പിൽ പാർട്ടികണക്കുകൾ തെറ്റിപ്പോയിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഈ തെറ്റുണ്ടായില്ല. അതിനാൽ, തെറ്റാത്ത കണക്കാവണം ഓരോ മണ്ഡലത്തിൽനിന്നും ഉണ്ടാകേണ്ടതെന്ന നിർദേശം നൽകിയിട്ടുണ്ട്. സംശയത്തിലുള്ളവരുടെ വോട്ട് കണക്കിൽപ്പെടുത്തില്ല. സ്ത്രീകളുടെ വോട്ടുപങ്കാളിത്തം കൃത്യമായി വിലയിരുത്തണമെന്നാണ് നിർദേശം.

പ്രചാരണത്തിലെ കൃത്യതയും മേധാവിത്വവും ഇടത്‌ അനുകൂല വിധിയെഴുത്ത് കേരളത്തിലുണ്ടാക്കുമെന്നാണ് കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയത്. 12 മണ്ഡലങ്ങളിൽ നല്ല മേധാവിത്വം ഇടതുമുന്നണിക്കുണ്ടായിട്ടുണ്ടെന്നായിരുന്നു വിലയിരുത്തൽ. നാലുമണ്ഡലങ്ങളിൽ ശക്തമായ പോരാട്ടമാണെന്നും ഇവിടത്തെ പ്രചാരണത്തിൽ കുറച്ചുകൂടി മാറ്റംവരുത്തേണ്ടതുണ്ടെന്നും ആ യോഗം നിർദേശിച്ചിരുന്നു. ഇതനുസരിച്ച് നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നേതാക്കൾ പ്രചാരണം വിലയിരുത്തുകയും ചെയ്തു.

വോട്ടെടുപ്പിനുശേഷം ഈ ആത്മവിശ്വാസം പലനേതാക്കളും പുലർത്തുന്നില്ല. ന്യൂനപക്ഷ-സ്ത്രീ വോട്ടർമാരുടെ വർധനയാണ് ഇത്തവണത്തെ പ്രത്യേകത. ഇതിന് കാരണമായ ഘടകം എന്താണെന്ന് നിർണയിക്കാനാകാത്തതാണ് കാരണം. ശബരിമലയാണ് സ്ത്രീവോട്ടർമാരുടെ കേന്ദ്രീകരണത്തിന് കാരണമായതെങ്കിൽ അത് ഇടതിന് എതിരാകാനിടയുണ്ട്.

കേന്ദ്രത്തിൽ ബി.ജെ.പി. ഭരണം ആവർത്തിക്കുന്നതിലുള്ള ആശങ്കയാണ് ന്യൂനപക്ഷങ്ങളിലെ ഏകീകരണത്തിന് കാരണമായതെങ്കിൽ അത് യു.ഡി.എഫിനും എൽ.ഡി.എഫിനും അനുകൂലമാകാം. ദേശീയ കാഴ്ചപ്പാടായതിനാൽ ഇതിന് യു.ഡി.എഫിന് സാധ്യത കൂടും. ഇതാണ് ശുഭപ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും ഇടതുക്യാമ്പിൽ ആത്മവിശ്വാസം മങ്ങുന്നത്.

Content Highlights: cpm calculating about loksabha election polling