കൊല്ലം : രക്തസാക്ഷി സ്മാരകത്തിനു പിരിവുനൽകാത്തതിന്റെപേരിൽ പ്രവാസി സംരംഭകനെ ഭീഷണിപ്പെടുത്തിയ സി.പി.എം. ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെ പ്രാഥമികാംഗത്വത്തിൽനിന്ന്‌ അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്തതായി ജില്ലാ സെക്രട്ടറി എസ്.സുദേവൻ അറിയിച്ചു.

പാർട്ടിക്ക്‌ അവമതിപ്പുണ്ടാക്കുന്ന തരത്തിലാണ്‌ ബിജു പ്രവർത്തിച്ചത്‌. ഉത്തരവാദിത്വമുള്ള ഒരു പാർട്ടി അംഗത്തിൻറെ പക്കൽനിന്ന്‌ ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് ബ്രാഞ്ച് സെക്രട്ടറിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായതെന്നാണ്‌ പാർട്ടി ജില്ലാനേതൃത്വത്തിന്റെ വിലയിരുത്തൽ. സംഭവം പാർട്ടി ജില്ലാ കമ്മിറ്റി അന്വേഷിക്കും.

കോവൂർ മായാവിലാസത്തിൽ ഷഹി വിജയനിൽനിന്നാണ്‌ ബിജു പിരിവ്‌ ആവശ്യപ്പെട്ടത്‌. പിരിവുനൽകിയില്ലെങ്കിൽ ഷഹി നിർമിക്കുന്ന കൺവെൻഷൻ സെന്ററിന്റെ സ്ഥലത്ത്‌ കൊടികുത്തുമെന്നായിരുന്നു ബിജു, ഷഹിയുടെ ബന്ധുവിനെ ഫോണിൽ വിളിച്ച്‌ ഭീഷണിപ്പെടുത്തിയത്‌. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതേത്തുടർന്നാണ്‌ പാർട്ടി നടപടിയുണ്ടായത്‌.

കൺവെൻഷൻ സെന്ററിനോടു ചേർന്നുള്ള സ്ഥലത്ത്‌ വയൽനികത്തി നിർമാണപ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്ന്‌ വില്ലേജ്‌ ഓഫീസറും റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്‌. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം നികത്തി നിർമാണം നടത്തുന്നെന്ന്‌ ആരോപിച്ചാണ്‌ സി.പി.എം. പ്രാദേശികനേതൃത്വം രംഗത്തുവന്നത്‌.