fraudകൊച്ചി: സ്വകാര്യ അമ്യൂസ്‌മെന്റ് പാർക്കിൽ സൗജന്യ ഉല്ലാസത്തിനായി എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ (എ.ഡി.എം.) പേരുപയോഗിച്ച സി.പി.എം. ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോലീസ് കേസെടുത്തു. സി.പി.എം. കാക്കനാട് ബ്രാഞ്ച് സെക്രട്ടറി ശ്യാം കുമാറിനെതിരേയാണ് തൃക്കാക്കര പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

എറണാകുളം എ.ഡി.എം. കെ. ചന്ദ്രശേഖരൻ നായർ നൽകിയ പരാതിയെ തുടർന്നാണ് തട്ടിപ്പ് പുറത്തായത്. ഇക്കഴിഞ്ഞ മേയ് ഒന്നിന് ശ്യാംകുമാർ ഉൾപ്പെടെ നാലുപേർ അമ്യൂസ്‌മെന്റ് പാർക്കിൽ സൗജന്യ നിരക്കിൽ ഉല്ലസിച്ചിരുന്നു. പാർക്കിലെത്തുന്നതിനു മുമ്പ് എ.ഡി.എം. ആണെന്ന വ്യാജേന പാർക്ക് അധികൃതരെ വിളിച്ചു തന്റെ ബന്ധുക്കൾ വരുന്നുണ്ടെന്നും പരിഗണിക്കണമെന്നും പറഞ്ഞു.

ഒരു ലാൻഡ് ഫോണിൽ നിന്നും മൊബൈൽ നമ്പറിൽ നിന്നുമാണ് ഇയാൾ എ.ഡി.എം. ആണെന്ന് പരിചയപ്പെടുത്തി പാർക്ക് അസി. മാനേജരെ വിളിച്ചത്. ഫോൺ നമ്പറിലൂടെ വിലാസം കണ്ടെത്തുന്ന ട്രൂകോളറിൽ ഈ മൊബൈൽ നമ്പർ എറണാകുളം എ.ഡി.എം. എന്ന പേരിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

’എ.ഡി.എമ്മിന്റെ’ ബന്ധുക്കളെന്ന നിലയ്ക്ക് പാർക്ക് അധികൃതർ സൗജന്യമായി എല്ലാ സൗകര്യങ്ങളുമൊരുക്കി. പിന്നീട് അസി. മാനേജർ എ.ഡി.എമ്മിനെ വിളിച്ചപ്പോൾ ’ബന്ധുക്കൾക്ക്’ സൗകര്യമൊരുക്കിയ കാര്യം സൂചിപ്പിച്ചു. ഇങ്ങനെയാണ് തന്റെ പേരിൽ തട്ടിപ്പ് നടന്നതായി എ.ഡി.എം. തിരിച്ചറിഞ്ഞത്.

പാർക്ക് അധികൃതർ നൽകിയ നമ്പർ വെച്ച് അന്വേഷിച്ചപ്പോൾ ബ്രാഞ്ച് സെക്രട്ടറി ശ്യാം കുമാറാണ് എ.ഡി.എമ്മിന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതെന്ന് കണ്ടെത്തി. എ.ഡി.എമ്മിന്റെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവം വിവാദമായതിനെ തുടർന്ന് കാക്കനാട് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് ശ്യാംകുമാറിനെ നീക്കി. ചൊവ്വാഴ്ച രാത്രി തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അടിയന്തര യോഗം വിളിച്ചാണ് ശ്യാമിനെതിരേ നടപടി സ്വീകരിച്ചത്. സി.പി.എം. പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കാൻ മേൽ കമ്മിറ്റിക്ക് യോഗം ശുപാർശ ചെയ്തു.

content highlights: cpm branch secretary