തിരുവനന്തപുരം: തുടർഭരണം കിട്ടാൻ സി.പി.എം. ബി.ജെ.പി.യുമായി ഡീൽ ഉറപ്പിച്ചത് ഡൽഹിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മധ്യസ്ഥതയിലാണെന്നു യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ ആരോപിച്ചു. സർക്കാരിന് തുടർഭരണം, ബി.ജെ.പി.ക്ക്‌ 10 സീറ്റ് -ഇതിനാണ് നീക്കമെന്ന് കേസരി സ്മാരക ജേണലിസ്റ്റ്‌സ് ട്രസ്റ്റിന്റെ മുഖാമുഖത്തിൽ ഹസൻ പറഞ്ഞു.

സി.പി.എം.-ബി.ജെ.പി. ഡീലിനെപ്പറ്റി ബാലശങ്കർ നടത്തിയ വെളിപ്പെടുത്തലിൽ ബി.ജെ.പി. മാഫിയയാണെന്ന ആരോപണത്തിനോട് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ബാലശങ്കറിന്റെ ആരോപണങ്ങൾ അപകീർത്തികരമാണെങ്കിൽ എന്തുകൊണ്ട് മാനനഷ്ടത്തിന് കേസ് കൊടുക്കുന്നില്ലെന്നു ഹസൻ ചോദിച്ചു. നേമത്ത് ജയിക്കുന്നയാൾ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് അങ്ങനെയൊന്നും ആരും പറഞ്ഞിട്ടില്ലെന്നും ജയിച്ചുവരുമ്പോൾ മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കുമെന്നുമായിരുന്നു മറുപടി.

ശബരിമല: സത്യവാങ്മൂലം മാറ്റാൻ തയ്യാറാകുമോ?

ശബരിമല യുവതീപ്രവേശക്കേസിൽ ഇടതുസർക്കാർ നൽകിയ സത്യവാങ്മൂലം മാറ്റി നൽകാൻ തയ്യാറുണ്ടോയെന്നും ഹസൻ ചോദിച്ചു. അന്തിമവിധി വരുമ്പോൾ എല്ലാവരുമായി ചർച്ചനടത്തി സമവായമുണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിധി വന്നിട്ടെന്തു സമവായമുണ്ടാക്കാനാണെന്ന്‌ ഹസൻ ചോദിച്ചു. സത്യവാങ്മൂലത്തിൽ ഉറച്ചുനിന്ന് വിധിവരുമ്പോൾ സമവായമുണ്ടാക്കുമെന്നു പറയുന്നത് കബളിപ്പിക്കാനാണെന്നും ഹസൻ പറഞ്ഞു.

content highlights: cpm-bjp deal fixed in presence of gadkari alleges mm hassan