തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോൾ ലംഘിച്ചും രക്തസാക്ഷിയുടെ സംസ്കാരം കഴിയുന്നതിന് കാത്തുനിൽക്കാതെയും മെഗാതിരുവാതിരക്കളി നടത്തിയതിന് സി.പി.എം. ജില്ലാനേതൃത്വത്തോട് സംസ്ഥാനനേതൃത്വം വിശദീകരണം തേടി. തിരുവാതിരക്കളിയെ കഴിഞ്ഞ ദിവസം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻതന്നെ തള്ളിപ്പറഞ്ഞിരുന്നു. ഇതോടെ തെറ്റ് സമ്മതിച്ച് ജില്ലാനേതാക്കൾ രംഗത്തുവന്നു.

രക്തസാക്ഷിയായ എസ്.എഫ്.ഐ. പ്രവർത്തകന്റെ ചിത കത്തും മുമ്പേ നേതൃസ്തുതിയുമായി നടത്തിയ തിരുവാതിരക്കളിക്കെതിരേ കടുത്തവിമർശനം ഉയർന്നിരുന്നു. സമയം, പാട്ടിലെ നേതൃസ്തുതി എന്നിവ കോവിഡ് പ്രോേട്ടാകോൾ ലംഘനത്തെക്കാൾ പാർട്ടിക്ക് മുമ്പിൽ ചോദ്യങ്ങളുയർത്തുന്നു. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ മുഴുവൻസമയസാന്നിധ്യവും നേതാക്കളുടെ ഉത്തരം മുട്ടിക്കുന്നു.

ഒഴിവാക്കേണ്ടതായിരുന്നു -ശിവൻകുട്ടി

ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാതിരുവാതിരക്കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി. അശ്രദ്ധ കൊണ്ടാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു.

തെറ്റായിപ്പോയി -ആനാവൂർ

തിരുവാതിരക്കളി നടത്തിയത് തെറ്റായിപ്പോയെന്ന് ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ. പരിപാടി മാറ്റിവെക്കേണ്ടതായിരുന്നു. അദ്ദേഹം പറഞ്ഞു.