മാവേലിക്കര: സി.പി.എം. മാവേലിക്കര ഏരിയ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്ക് ഉപഹാരമായി നല്‍കിയത് ശബരിമലയിലെ അരവണ പ്രസാദം. ചൊവ്വാഴ്ച മാവേലിക്കര നഗരസഭാ ടൗണ്‍ഹാളില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനത്തിന്റെ വൈകുന്നേരത്തെ ഇടവേളയിലാണ് പ്രതിനിധികള്‍ക്ക് അരവണ വിതരണം ചെയ്തത്. 200 ടിന്‍ അരവണയാണ് സമ്മേളനത്തില്‍ വിതരണം ചെയ്യാന്‍ വേണ്ടിവന്നത്.അത്രയും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കൂടിയായ ജില്ലാസെക്രട്ടറിയേറ്റംഗം കെ.രാഘവനാണ് അരവണ എത്തിച്ചു നല്‍കിയത്. ഇതിനൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഡയറിയും കൊടുത്തു.

അയ്യപ്പന്മാര്‍ക്ക് അന്നദാനവുമായി ജില്ലാ സെക്രട്ടറിയുടെ സംഘടന

സി.പി.എം. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ നേതൃത്വം നല്‍കുന്ന കരുണ പാലിയേറ്റീവ് സൊസൈറ്റി ചെങ്ങന്നൂരില്‍ അയ്യപ്പന്മാര്‍ക്ക് അന്നദാനം നല്‍കുന്നുണ്ട്. ഈ മണ്ഡലകാലത്താണ് ഇതാരംഭിച്ചത്. നേരത്തേ അയ്യപ്പസേവാസംഘം പോലെയുള്ള സംഘടനകളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിരുന്നത്.സി.പി.എം. ആഭിമുഖ്യത്തിലുള്ള ഒരു സംഘടന ആദ്യമായാണ് ഈ വഴിയെ നീങ്ങുന്നത്. ഇതിന് പിന്നാലെയാണ് സി.പി.എം ഏരിയ സമ്മേളന പ്രതിനിധികള്‍ക്ക് അരവണ ടിന്‍ വിതരണം ചെയ്തത്.