തിരുവനന്തപുരം: സർക്കാരും പാർട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ നിർവചനം മാറുന്നതിൽ സി.പി.എം. നേതാക്കൾക്കുള്ള എതിർപ്പുകൾ ഒറ്റപ്പെട്ടാണെങ്കിലും പുറത്തുവരുന്നു. പൊളിറ്റ് ബ്യൂറോ അംഗമായ എം.എ. ബേബി പോലീസ് നിയമഭേദഗതിക്കെതിരേ പരസ്യപ്രതികരണം നടത്തിയത് ഇതിലൊന്നുമാത്രം.
തന്റെ നിലപാടിലേക്ക് പാർട്ടിയെ എത്തിക്കാൻ ഇതുവരെ കഴിഞ്ഞ മുഖ്യമന്ത്രിക്ക് ഇപ്പോഴതിനു കഴിയാതെപോയത് അദ്ദേഹവും സർക്കാരും ഒരുപോലെ നേരിടുന്ന പ്രതിസന്ധികൊണ്ടാണ്. പോലീസ് നിയമഭേഗതി പിൻവലിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചതിനു പിന്നിൽ വരാനിരിക്കുന്ന ‘അപകടം’ തിരിച്ചറിഞ്ഞുള്ള രാഷ്ട്രീയവിധേയപ്പെടൽ കൂടിയാണ്.
നിയമഭേദഗതിയിൽ കേന്ദ്രനേതൃത്വത്തിനുള്ള അതൃപ്തി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരസ്യമായി പ്രകടിപ്പിച്ചു. പാർട്ടി ഇടപെടലിന്റെ സ്വരം പ്രകടമാവണമെന്ന ബോധ്യം അതിലുണ്ട്. പന്തീരാങ്കാവ് യു.എ.പി.എ. കേസ് വന്നപ്പോൾ അതു സർക്കാർ പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് കേന്ദ്രനേതാക്കൾ പറഞ്ഞത്. കുറ്റം പോലീസിന്റെ തലയിൽവെച്ച് യു.എ.പി.എ. കരിനിയമമാണെന്ന് ആവർത്തിക്കുകയും ചെയ്തു. എന്നാൽ, അതിനെ പൂർണമായി തള്ളി അലനും താഹയും മാവോവാദികളെന്നു സ്ഥാപിച്ച് തന്റെ നിലപാട് പാർട്ടി നിലപാടാക്കി മാറ്റാൻ മുഖ്യമന്ത്രിക്കായി. പോലീസ് ആക്ടിൽ അതുണ്ടാവാതിരിക്കാനുള്ള ‘ജാഗ്രത’യാണ് യെച്ചൂരി പ്രകടിപ്പിച്ചത്.
പിണറായി മുഖ്യമന്ത്രിയായശേഷം സർക്കാർ തീരുമാനം റിപ്പോർട്ട് ചെയ്യുന്ന രാഷ്ട്രീയ സ്ഥാപനമായി പാർട്ടി മാറിയെന്നാണു വിമർശനം. പന്തീരാങ്കാവ് സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനോട് പാർട്ടി സെക്രട്ടേറിയറ്റിലെ ചിലർക്കടക്കം വിയോജിപ്പുണ്ടായിരുന്നു. എന്നാൽ, ചോദ്യംചെയ്യപ്പെടാത്ത നേതാവായി പിണറായി നിൽക്കുന്നതിനാൽ ആ വിയോജിപ്പുകൾ നിശ്ശബ്ദമായി .
അന്നും എം.എ. ബേബി സർക്കാരിനുമുമ്പിൽ ‘തിരുത്തൽ’ നിർദേശം വെച്ചതാണ്. പക്ഷേ, ആ ശബ്ദത്തിനു ബലംകിട്ടിയില്ല. പാർട്ടിയിലെ ഉയർന്ന ഘടകത്തിൽ അംഗമായിരുന്നിട്ടും കേരളത്തിൽ രാഷ്ട്രീയ ഇടംകിട്ടാതെ ബേബി മാറിയതിലും ഈ വിയോജിപ്പ് മനസ്സാണെന്ന വിലയിരുത്തലുണ്ട്.
പാർട്ടിയെ സർക്കാരിനൊപ്പം ചേർത്തുനിർത്തിയത് കോടിയേരി ബാലകൃഷ്ണൻ എന്ന സെക്രട്ടറിയാണ്. കേന്ദ്ര ഏജൻസികൾ സർക്കാരിലേക്ക് എത്തുമെന്നു തിരിച്ചറിഞ്ഞ് പ്രതിരോധം ആവിഷ്‌കരിച്ചതും അദ്ദേഹമാണ്. എന്നാൽ, ബിനീഷിന്റെ കേസ് വന്നപ്പോൾ മുഖ്യമന്ത്രിയിൽനിന്നു കാര്യമായ പ്രതിരോധമുണ്ടായില്ലെന്ന തോന്നൽ പല നേതാക്കൾക്കുമുണ്ട്.
കണ്ണൂരിൽനിന്നുള്ള നേതാക്കൾ പരിഭവങ്ങളുടെ പല ചേരിയിലായി നിൽക്കുന്നു. എന്നാൽ, വിഭാഗീയനീക്കമല്ല പാർട്ടിയിൽ നടക്കുന്നത്. ചർച്ചയില്ലാതെ തലകുലുക്കി അംഗീകരിക്കുന്ന രീതി മാറണമെന്ന നിലപാടാണ് നേതാക്കൾക്കുള്ളത്. ഇതേ നിലപാട് എൽ.ഡി.എഫ്. നേതാക്കൾക്കുമുണ്ട്.
Content Highlight: Kerala Police Act Amendment ordinance