കോട്ടയം: എം.ജി. സർവകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ എ.ഐ.എസ്‌.എഫ്‌.-എസ്.എഫ്.ഐ. പ്രശ്നത്തിൽ ഇടപെടേണ്ടെന്ന നിലപാടുമായി സി.പി.എം., സി.പി.ഐ. നേതൃത്വങ്ങൾ. വിദ്യാർഥികൾ തമ്മിലുള്ള വഴക്ക്‌ അവർ തീർത്തോളുമെന്ന നിലപാടിലാണ്‌ ഇരുപാർട്ടികളും.

നിലവിൽ വിഷയത്തിൽ ഇടപെടില്ലെന്ന്‌ സി.പി.എം. ജില്ലാ സെക്രട്ടറി എ.വി. റസ്സൽ പറഞ്ഞു. എസ്‌.എഫ്‌.െഎ. പ്രവർത്തകർക്കെതിരേ മാത്രമല്ല, എ.ഐ.എസ്‌.എഫ്‌. പ്രവർത്തകരുടെ പേരിലും കേസുണ്ട്‌ -റസ്സൽ പറഞ്ഞു.

വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെടുന്നില്ലെന്ന്‌ സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറിതന്നെ ഇക്കാര്യത്തിൽ നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. പാർട്ടികൾ തമ്മിൽ തർക്കത്തിലേക്ക്‌ പോകേണ്ട കാര്യമില്ല. കേസ്‌ അതിന്റെ വഴിക്ക്‌ നീങ്ങുമെന്നും ശശിധരൻ പറഞ്ഞു.

എ.ഐ.എസ്‌.എഫ്‌. പ്രവർത്തകർക്കെതിരേയും കേസ്‌

സംഘർഷത്തിൽ എസ്.എഫ്.ഐ.ക്കാരിയായ വനിതാ പ്രവർത്തകയെ അപമാനിച്ചെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും കാട്ടി എസ്.എഫ്.ഐ. നൽകിയ പരാതിയിൽ ഏഴ് എ.ഐ.എസ്.എഫ്. പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു. എ.ഐ.എസ്.എഫ്. പ്രവർത്തകരായ അമൽ, അഭിജിത്ത്, ഫഹദ്, നന്ദു എന്നിവരുപ്പെടെ ഏഴുപേർക്കെതിരേയാണ് കേസ്.

സംഘർഷത്തിനിടെ തന്നെ കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന എ.ഐ.എസ്.എഫ്. സംസ്ഥാന നേതാവിന്റെ പരാതിയിൽ 10 എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനുപിന്നാലെ എസ്.എഫ്.ഐ. പ്രവർത്തകർ കോട്ടയം ഡിവൈ.എസ്.പി.ക്ക് നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി.

തന്റെ സ്റ്റാഫംഗങ്ങളാരും ഉൾപ്പെട്ടിട്ടില്ല -മന്ത്രി ബിന്ദു

വിദ്യാർഥിസംഘർഷത്തിൽ തന്റെ സ്റ്റാഫംഗങ്ങളാരും ഉൾപ്പെട്ടിട്ടില്ലെന്ന്‌ മന്ത്രി ആർ. ബിന്ദു അറിയിച്ചു. അത്തരത്തിലുള്ള വാർത്ത വസ്തുതാവിരുദ്ധമാണെന്നും മന്ത്രി അറിയിച്ചു.

അക്രമം നടത്തിയിട്ടില്ല -എ.ഐ.എസ്‌.എഫ്‌.

എ.ഐ.എസ്‌.എഫ്. പ്രവർത്തകർ എസ്‌.എഫ്‌.െഎ. പ്രവർത്തകരെ ആക്രമിച്ചുവെന്ന ആരോപണം തെളിയിക്കാൻ എസ്‌.എഫ്‌.ഐ.യെ വെല്ലുവിളിക്കുന്നു. തെളിയിച്ചാൽ അവരെ പുറത്താക്കും. എ.ഐ.എസ്‌.എഫ്‌. സംസ്ഥാനകമ്മിറ്റിയംഗത്തെ എസ്‌.എഫ്‌.ഐ. നേതാവ്‌ ചവിട്ടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്‌. ഈ നേതാവിനെതിരേ നടപടിയെടുക്കുമോയെന്ന്‌ എസ്‌.എഫ്‌.ഐ. വ്യക്തമാക്കണം -എ.ഐ.എസ്‌.എഫ്‌. ജില്ലാ പ്രസിഡന്റ്‌ എസ്‌. ഷാജോ പറഞ്ഞു.

content highlights:cpm and cpi will not interfere on sfi-aisf issue