തിരുവനന്തപുരം: മെച്ചപ്പെട്ട വിജയമുറപ്പിക്കുമ്പോഴും ചില മണ്ഡലങ്ങളിൽ യു.ഡി.എഫ്. ആസൂത്രിത അട്ടിമറിനീക്കം നടത്തിയതായി സി.പി.എം. വിലയിരുത്തൽ. ബി.ജെ.പി. വോട്ടുകൾ ലക്ഷ്യമിട്ട് നീക്കുപോക്കുകളുണ്ടാക്കി. പട്ടികവർഗവിഭാഗങ്ങളിലടക്കം തെറ്റിദ്ധാരണയുണ്ടാക്കി വോട്ടുമാറ്റാനും ശ്രമംനടന്നു. സംസ്ഥാനത്താകെ വോട്ടുകച്ചവടം ആരോപിക്കാൻ പാകത്തിലുള്ള ഇടപെടൽ നടന്നിട്ടില്ലെന്നാണ് പ്രാദേശികതലത്തിലെ റിപ്പോർട്ടുകൾ പരിശോധിച്ചശേഷമുള്ള സി.പി.എം. നിഗമനം. അതിനാൽ, ഇടതുപക്ഷത്തിന്റെ വിജയത്തിന് വിള്ളലുണ്ടാക്കാൻ യു.ഡി.എഫിന്റെ അട്ടിമറി ആസൂത്രണത്തിനും കഴിഞ്ഞില്ലെന്നും സി.പി.എം. കണക്കാക്കുന്നു.

നിലമ്പൂരും​ തൃപ്പൂണിത്തുറയും

തിരിച്ചുപിടിക്കുകയെന്ന യു.ഡി.എഫ്. വാശിക്കൊപ്പം, സ്ഥാനാർഥികളുടെ വ്യക്തിതാത്പര്യങ്ങൾകൂടി വീര്യംകൂട്ടിയ മണ്ഡലങ്ങളാണ് നിലമ്പൂരും തൃപ്പൂണിത്തുറയും. രണ്ടുമണ്ഡലങ്ങളിലും ബി.ജെ.പി. വോട്ടുകൾ ലഭിക്കാനുള്ള പ്രാദേശിക ഇടപെടൽ യു.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടായി. നിലമ്പൂരിൽ യു.ഡി.എഫ്. സ്ഥാനാർഥി രണ്ടുതവണ ബി.ജെ.പി. നേതാവിന്റെ വീട്ടിലെത്തി ചർച്ചനടത്തിയെന്ന് സിറ്റിങ് എം.എൽ.എ.കൂടിയായ പി.വി. അൻവർ പരസ്യമായി പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് നേതാവായ ആര്യാടൻ ഷൗക്കത്തിന്റെ വാക്കുകൾ ഇടതുപക്ഷത്തിന്റെ ആരോപണത്തിന് ശക്തിപകരുന്നതുമാണ്.

‘‘പദവികൾക്കുവേണ്ടി മതേതരമൂല്യങ്ങൾ പണയംവെച്ച്, മതാത്മക രാഷ്ട്രീയത്തിന്റെ ഉപജാപങ്ങൾക്കുമുന്നിൽ മുട്ടിലിഴയുന്നവർ അറിയുക’’ എന്ന ആമുഖക്കുറിപ്പോടെയാണ് യു.ഡി.എഫ്. നേതാക്കൾക്കെതിരേയെന്ന് തോന്നിപ്പിക്കുന്ന പരോക്ഷവിമർശനം ഷൗക്കത്ത് നടത്തിയത്. ബി.ജെ.പി. വോട്ടുകൾ മാത്രമല്ല, മറ്റുചില വർഗീയസംഘടനകളുടെ വോട്ടുകളും സ്വന്തമാക്കാനുള്ള ‘അന്തർധാര’യാണ് ഷൗക്കത്ത് ചൂണ്ടിക്കാട്ടിയതെന്ന് ഇടതുനേതാക്കൾ പറയുന്നു.

മഞ്ചേശ്വരം വിലയിരുത്തൽ പ്രയാസം

രാഷ്ട്രീയത്തിനപ്പുറമുള്ള നിറമാണ് മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പിൽ പ്രകടമായതെന്ന ആശങ്ക ഇടതുനേതാക്കൾക്കുണ്ട്. ബി.ജെ.പി.ക്ക് ഈമണ്ഡലത്തിലുള്ള സ്വാധീനമാണ് ഇതിനുകാരണം. അതിനാൽ, ഇത്തവണ മഞ്ചേശ്വരത്തെ വോട്ടുകണക്കിൽ സംഭവിക്കാവുന്ന അടിയൊഴുക്കുകൾ രാഷ്ട്രീയമായി വിലയിരുത്താൻ പ്രയാസമാണെന്ന് നേതാക്കൾ പറയുന്നു. മഞ്ചേശ്വരം എൽ.ഡി.എഫ്. പ്രതീക്ഷപുലർത്തുന്ന മണ്ഡലമല്ല. എന്നാൽ, ബി.ജെ.പി.യും ലീഗും നേരിട്ട് ഏറ്റുമുട്ടുകയും ഇവർ രാഷ്ട്രീയത്തിനതീതമായ വികാരം വോട്ടർമാരിലേക്ക് വ്യാപകമായ പടർത്തുകയുംചെയ്തത്, മതേതരവോട്ടുകൾക്ക് ഭീഷണിയായെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ.

നെന്മാറയിൽ ചെറിയൊരു ശങ്ക

ഇടതുപക്ഷത്തിന് ഉറപ്പുള്ള മണ്ഡലമായി നിലകൊണ്ട നെന്മാറയിൽനിന്ന് അത്രശുഭകരമായ വാർത്തകളല്ല പ്രാദേശികതലത്തിൽനിന്ന് സി.പി.എം. നേതൃത്വത്തിന് ലഭിക്കുന്നത്. വിജയമുറപ്പാണെങ്കിലും കഴിഞ്ഞതവണ നേടിയ ഭൂരിപക്ഷം ഉറപ്പാക്കാനാകില്ലെന്നാണ് പാർട്ടികണക്ക്. യു.ഡി.എഫ്. പണമിറക്കി വോട്ടുകച്ചവടം നടത്തിയെന്നാണ് ഇടതുസ്ഥാനാർഥിയും സിറ്റിങ് എം.എൽ.എ.യുമായ കെ. ബാബുവിന്റെ തുറന്നുപറച്ചിൽ. അടൂരിൽ പട്ടികവിഭാഗ- ബി.ജെ.പി.വോട്ടുകൾ അനുകൂലമാക്കാനുള്ള ‘രഹസ്യനീക്കം’ യു.ഡി.എഫ്. നടത്തിയെന്നതാണ് മറ്റൊരു കുറ്റപ്പെടുത്തൽ. പട്ടികജാതി കോളനികളിൽ ജാതിവികാരം ഇളക്കിവിട്ട് യു.ഡി.എഫ്. വോട്ടുതേടി. ഇത് ചിലവിഭാഗങ്ങളിൽ ഇടതുപക്ഷത്തിന് എതിരായ നിലപാടുണ്ടാക്കിയെന്നാണ് നിഗമനം.