ആലപ്പുഴ: ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിനെതിരേ സി.പി.എം. ആലപ്പുഴ ജില്ലാക്കമ്മിറ്റിയിൽ രൂക്ഷവിമർശം. കമ്മിറ്റിയിൽ തോമസ് ഐസക്കുമായി ഇടഞ്ഞുനിൽക്കുന്ന മന്ത്രി ജി.സുധാകരന്റെ സാന്നിധ്യത്തിലാണ് വിമർശം ഉയർന്നത്. മന്ത്രി തോമസ് ഐസക്കും പങ്കെടുത്ത കമ്മിറ്റിയിൽ ഫോംമാറ്റിങ്സ് ചെയർമാൻ അഡ്വ.കെ.ആർ.ഭഗീരഥനാണ് മന്ത്രി കയർ വ്യവസായത്തെ തകർക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ചത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.പ്രിയേഷ്‌കുമാർ, മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ എന്നിവർക്കെതിരേയും ജില്ലാക്കമ്മിറ്റിയിൽ വിമർശം ഉയർന്നു.

ഫോംമാറ്റിങ്സിന്റെ അക്കൗണ്ടിൽനിന്ന് 16 കോടി രൂപ ധനവകുപ്പ് പിൻവലിച്ചുവെന്ന് ചെയർമാൻ കുറ്റപ്പെടുത്തി. ഫോംമാറ്റിങ്സിന്റെ വികസനത്തിന് ധനമന്ത്രി ഇടങ്കോലിടുകയാണ്. പുതിയ യന്ത്രങ്ങൾ വാങ്ങുന്നതിന് അനുമതി നൽകുന്നില്ല. ഫോംമാറ്റിങ്സിൽ മാനേജിങ് ഡയറക്ടറുടെ നിയമനത്തിന് കാലതാമസം ഉണ്ടാക്കുന്നത് ധനവകുപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ, ആരോപണങ്ങൾ മന്ത്രി തോമസ് ഐസക് നിഷേധിച്ചു. ഫോം മാറ്റിങ്സിന്റെ അക്കൗണ്ടിൽ ചെലവഴിക്കാതെ കിടന്ന തുകയാണ് തിരിച്ചെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.പ്രിയേഷ്‌കുമാറിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും പാർട്ടി നടപടിയെടുക്കാത്തതിനെ കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണൻ വിമർശിച്ചു. പ്രിയേഷ്‌കുമാറിനെതിരേ ഐക്യജനാധിപത്യ മുന്നണി സദാചാര വിഷയമുയർത്തി നടത്തിയ പ്രചാരണം പാർട്ടിക്ക് അടുത്ത തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സംസ്‌ഥാന കമ്മിറ്റിയുടെ അനുമതിയോടെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി ആർ.നാസർ വ്യക്തമാക്കി.

കഴിഞ്ഞ ആലപ്പുഴ നഗരസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ തോൽവിക്ക് കാരണക്കാരനായ പി.പി.ചിത്തരഞ്ജനെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ചുമതലയേൽപ്പിച്ചെന്നാണ് മറ്റൊരു വിമർശം. എച്ച്.സലാം, ഡി.ലക്ഷ്‌മണൻ എന്നിവരാണ് ചിത്തരഞ്ജനെതിരേ ആഞ്ഞടിച്ച് രംഗത്തെത്തിയത്.

അരൂർ ഉപതിരഞ്ഞെടുപ്പ് തോൽവി കാരണങ്ങൾ പാർട്ടി സംസ്ഥാന കമ്മിറ്റി അന്വേഷിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. അരൂർ ഏരിയ സെക്രട്ടറി പി.കെ.സാബു, ചേർത്തല ഏരിയ സെക്രട്ടറി രാജപ്പൻ നായർ, എം.പി.ഷിബു എന്നിവരാണ് ആവശ്യമുന്നയിച്ചത്. പി.രാജീവ്, കെ.എൻ.ബാലഗോപാൽ, ആർ.നാസർ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: cpm alappuzha district committee criticizes minister thomas issac