കണ്ണൂർ: കൊടിസുനി ഉൾപ്പെടെ ടി.പി. കേസ് പ്രതികളുടെ സ്വർണക്കടത്ത് ക്വട്ടേഷനുകൾ നിലയ്ക്കുനിർത്താൻ സി.പി.എം. നേരിട്ടിറങ്ങുന്നു. ജയിലുകളുടെ ഭരണച്ചുമതല ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് വിവരം.
സുനിയുടെയും സംഘത്തിന്റെയും ‘സ്വന്തം നിലയിലുള്ള ദൗത്യങ്ങൾ’ പാർട്ടിക്കും സർക്കാരിനും വിനയായിത്തീരുന്ന സാഹചര്യത്തിലാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിടപെട്ടാണ് നടപടി കർശനമാക്കിയതെന്നാണ് സൂചന.
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ സുനിയെപ്പോലുള്ളവർക്ക് പരോൾ കൊടുക്കുന്നതും തത്കാലം തടഞ്ഞു. താനറിയാതെ ആർക്കും പരോൾ കൊടുത്തുപോകരുതെന്ന് ഋഷിരാജ് സിങ് കർശനനിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിൽ കൂത്തുപറമ്പിൽ കൈതേരിയിലെ റഫ്ഷാൻ എന്നയാളെ തട്ടിക്കൊണ്ടുപോയത് സുനിയുടെ നേതൃത്വത്തിൽ നടന്ന സ്വർണക്കടത്ത് ക്വട്ടേഷനാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വർണക്കടത്തിനെക്കുറിച്ച് ഖത്തർ പോലീസിന് വിവരം നൽകിയതിന് സുനി ഭീഷണിപ്പെടുത്തിയതായി കോഴിക്കോട് കൊടുവള്ളിയിലെ നഗരസഭാ കൗൺസിലറും ചൊവ്വാഴ്ച വെളിപ്പെടുത്തി. ഇതിനുപുറമേ, മറ്റു കേസുകളിൽ ജയിലിലാകുന്ന പാർട്ടിപ്രവർത്തകരെയും ഇത്തരം ദൗത്യങ്ങളിൽ ഇവർ ഉൾപ്പെടുത്തുന്നതായി സി.പി.എമ്മിന് വിവരം കിട്ടിയിരുന്നു. ഇതോടെയാണ് സുനിക്കും സംഘത്തിനും തടവറപ്പൂട്ടിടാൻ പാർട്ടി തീരുമാനിച്ചത്.
സുനിയുെടയും സംഘത്തിന്റെയും ‘ഓപ്പറേഷനുകളെ’ക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് അറിവുള്ളതായാണ് വിവരം. ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളിൽ ഇവർക്കു പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കരുതുന്നു. വിദേശത്ത് കുറ്റകൃത്യം നടത്തിയശേഷം മടങ്ങിയവരുമായി ബന്ധംപുലർത്തുന്നു. പരോളിലിറങ്ങി ദൗത്യത്തിൽ പങ്കാളികളാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
വിയ്യൂർ, കണ്ണൂർ ജയിലുകളിൽ തടവുകാർ അനിയന്ത്രിതമായി ഫോൺ ഉപയോഗിക്കുന്നതായി സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണവിഭാഗം സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം വിയ്യൂർ ജയിലിൽ നടന്ന പരിശോധനയിൽ സുനി, മുഹമ്മദ് ഷാഫി എന്നിവരടക്കമുള്ളവരിൽനിന്ന് മൊബൈൽ ഫോണുകൾ പിടിച്ചിരുന്നു. തുടർന്ന് ഇരുവരെയും പൂജപ്പുര ജയിലിലേക്ക് മാറ്റി. സുനിയെയും സംഘത്തെയും നിയന്ത്രിച്ചില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമാകുമെന്ന തിരിച്ചറിവിനെത്തുടർന്നാണ് മുഖ്യമന്ത്രി നേരിട്ടിടപെട്ടതെന്നാണ് സൂചന.
Content Highlights: cpm, kodi suni