തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രനെതിരേ ഉയർന്ന ആരോപണത്തിൽ കേസിന്റെ ഗതിനോക്കി പരസ്യനിലപാട് സ്വീകരിച്ചാൽ മതിയെന്ന് സി.പി.എം. തീരുമാനം. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രിയെന്ന നിലയിൽ ഇടപെട്ടുവെന്ന തരത്തിലേക്ക് കേസ് മാറിയാൽ പ്രശ്നം വഷളാകുമെന്ന വിലയിരുത്തൽ സി.പി.എമ്മിനുണ്ട്. ബുധനാഴ്ച നിയമസഭ ചേരാനിരിക്കേ ഉണ്ടായ വിവാദത്തിൽ രാഷ്ട്രീയതീരുമാനമെടുക്കാൻ സംസ്ഥാനത്തെ പൊളിറ്റ് ബ്യൂറോ അംഗങ്ങൾ യോഗംചേർന്നു. കോടിയേരി ബാലകൃഷ്ണൻ, എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി എന്നിവരും സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനുമാണ് പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിനെത്തിയില്ലെങ്കിലും അദ്ദേഹവുമായി കൂടിയാലോചന നടത്തി.

ആരോപണത്തിൽ അപകടം പതിയിരിപ്പുണ്ടെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്. എൻ.സി.പി.യുടെ ആഭ്യന്തരപ്രശ്‌നം എന്നനിലയിൽ മാത്രമുള്ള നിലപാട് പാർട്ടി സ്വീകരിക്കുന്നതാകും ഉചിതമെന്നാണ് നേതാക്കൾ വിലയിരുത്തി.

എ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിയെക്കണ്ട് കാര്യങ്ങൾ വിശദീകരിച്ചതിനു പിന്നാലെയാണ് സി.പി.എം. നേതാക്കൾ ചർച്ച നടത്തിയത്. സഭയിൽ സർക്കാർ നേരിടാമെന്ന നിലപാട് മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചു. തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് യുവതി നൽകിയ പരാതിയിൽ കുണ്ടറ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ എൻ.സി.പി. പ്രാദേശിക നേതാവാണ് ആരോപണവിധേയനായിട്ടുള്ളത്. ഈ പരാതിയിൽ കേസ് ഒതുക്കിത്തീർക്കാൻ മന്ത്രി ഇടപെട്ടുവെന്ന പരാമർശവുമില്ല. ഇതാണ് സർക്കാരിനും ശശീന്ദ്രനും മുമ്പിലുള്ള പിടിവള്ളി.

യുവതിയുടെ അച്ഛനുമായി ശശീന്ദ്രൻ നടത്തിയ ഫോൺസംഭാഷണത്തിൽ ഒരിടത്തും പരാതി പിൻവലിക്കണമെന്നോ കേസ് ഒതുക്കിത്തീർക്കണമെന്നോ പ്രകടമായി മന്ത്രി പറയുന്നില്ല. യുവതിയുടെ അച്ഛൻ എൻ.സി.പി. പ്രാദേശികനേതാവാണ്. അതുകൊണ്ട് ശശീന്ദ്രൻ പാർട്ടിയിലെ പ്രശ്നങ്ങളാണ് സംസാരിച്ചതെന്ന എൻ.സി.പി. വാദം താത്‌കാലിക രക്ഷയാകും.

യുവതി നൽകിയ പരാതിയിൽ പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടില്ല. അടുത്തദിവസം മൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ശശീന്ദ്രൻ കണ്ടു, പറഞ്ഞു; മിണ്ടാതെ കേട്ട് പിണറായി

ആരോപണങ്ങൾക്കും രാജിസാധ്യതകൾക്കും ഇടയിൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മന്ത്രി എ.കെ. ശശീന്ദ്രൻ ക്ലിഫ്ഹൗസിലെത്തി. ബുധനാഴ്ച രാവിലെ അരമണിക്കൂറോളം ശശീന്ദ്രൻ വിശദീകരിച്ചു. മൂളിക്കേട്ടതല്ലാതെ ഒരു മറുപടിയും മുഖ്യമന്ത്രി തിരിച്ചുനൽകിയില്ല.

കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി ശശീന്ദ്രൻ ഫോണിൽ സംസാരിച്ചിരുന്നു. വ്യാഴാഴ്ച നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാൽ ഈ വിഷയം പ്രതിപക്ഷം ആയുധമാക്കുമെന്നുറപ്പാണ്. അതിൽ സർക്കാർ സ്വീകരിക്കേണ്ട നിലപാട് നിശ്ചയിക്കാൻ കൂടിയായിരുന്നു മുഖ്യമന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മന്ത്രി മുതിർന്നത്. മറ്റൊരുതരത്തിലും യുവതി നൽകിയ പരാതിയിൽ ഇടപെട്ടിട്ടില്ലെന്ന്‌ അദ്ദേഹം അറിയിച്ചു. വിശദീകരണത്തിൽ തത്‌കാലം മുഖ്യമന്ത്രി തൃപ്തനാണ്. അതുകൊണ്ടാണ്, രാജിതീരുമാനത്തിലേക്ക് എത്താതിരുന്നത്.

പറയാനുള്ളത് പറഞ്ഞു -ശശീന്ദ്രൻ

മുഖ്യമന്ത്രിയോട് ചിലതു പറയാനുണ്ടായിരുന്നു. അതിനാണ് ക്ലിഫ്ഹൗസിൽ പോയതെന്ന് എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഇപ്പോഴത്തെ വിവാദങ്ങളുടെ അടിസ്ഥാനത്തിൽ രാജിവെക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജി സംബന്ധിച്ച്‌ മറുപടി പറയാനാകില്ല -വിജയരാഘവൻ

മാധ്യമവാർത്തകൾ മാത്രമാണ് ഇപ്പോൾ മുമ്പിലുള്ളതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. എൻ.സി.പി. നേതാക്കളുമായുള്ള സംസാരങ്ങളാണ് പുറത്തുവന്നതെന്നാണു മനസ്സിലാക്കുന്നത്. വിശദാംശങ്ങൾ അറിയില്ല. എല്ലാ കാര്യങ്ങളും അറിയുമ്പോൾ മാത്രമാണ് അഭിപ്രായം പറയാനാകുക.

മന്ത്രി രാജിവെക്കുമോ എന്ന ചോദ്യത്തിന്, വിശദാംശങ്ങൾ ലഭ്യമാകുമ്പോൾ പാർട്ടി ചർച്ചചെയ്ത് അഭിപ്രായം പറയും -അദ്ദേഹം പറഞ്ഞു.