തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കുണ്ടറ സ്വദേശിയായ യുവതി നൽകിയ പരാതി ഒതുക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണത്തിൽ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് ഇടതുപക്ഷത്ത് ധാരണ.

സി.പി.എം. നേതാക്കളുടെ കൂടി മനസ്സറിഞ്ഞശേഷം എൻ.സി.പി.യാണ് രാജിവെക്കേണ്ടതില്ലെന്ന നിലപാട് പ്രഖ്യാപിച്ചത്. എന്നാൽ, സി.പി.എം. അടക്കം മറ്റ് ഘടകകക്ഷിനേതാക്കളാരും തത്‌കാലം ശശീന്ദ്രനെ പിന്തുണച്ചോ തള്ളിയോ പരസ്യനിലപാട് വ്യക്തമാക്കില്ല. കേസിന്റെ ഭാവിയനുസരിച്ചിരിക്കും ഇതിൽ ഒരു പൊതുനിലപാട് സ്വീകരിക്കുക.

ശശീന്ദ്രന്റെ ഫോൺ സംഭാഷണം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനുപിന്നാലെ എൻ.സി.പി. സംസ്ഥാനപ്രസിഡന്റ് പി.സി. ചാക്കോ അദ്ദേഹവുമായി സംസാരിച്ച് വ്യക്തത വരുത്തിയിരുന്നു. പാർട്ടിയിലെ പ്രശ്നങ്ങളാണ് ശശീന്ദ്രന്റെ ഇടപെടലിന് കാരണമായതെന്ന ബോധ്യം ചാക്കോയ്ക്കുമുണ്ട്. പക്ഷേ, ഫോൺസംഭാഷണം പുറത്തുവന്നതോടെ അത് സ്ത്രീത്വത്തെ അപമാനിച്ച കേസ് ഒതുക്കിത്തീർക്കാനുള്ള മന്ത്രിയുടെ ഇടപെടലായിമാറി. ഇതിന്റെ അപകടത്തെക്കുറിച്ച് എൻ.സി.പി.ക്കും ബോധ്യമുണ്ട്.

സി.പി.എമ്മിനെ ബോധ്യപ്പെടുത്തി പ്രശ്നം ശമിപ്പിക്കാനുള്ള ശ്രമമാണ് പി.സി. ചാക്കോ നടത്തിയത്. പി.ബി. അംഗം കോടിയേരി ബാലകൃഷ്ണനുമായി ചാക്കോ സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി. രാഷ്ട്രീയമാണ് മന്ത്രിയുടെ പേരിലുള്ള പരാതിയുടെ അടിസ്ഥാനകാരണമെന്ന ബോധ്യം സി.പി.എം. നേതാക്കൾക്കുമുണ്ട്. പക്ഷേ, പെൺകുട്ടി പരാതിയിൽ ഉറച്ചുനിൽക്കുകയും കേസ് മറ്റൊരുരീതിയിലേക്ക് മാറുകയുംചെയ്താൽ മന്ത്രിയുടെ നില പരുങ്ങലിലാകുമെന്ന് കോടിയേരി ചാക്കോയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യങ്ങളടക്കം പി.സി. ചാക്കോ എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരത്പവാറിനെ കണ്ട് വിശദീകരിക്കുകയുംചെയ്തു.

ശശീന്ദ്രൻ ഇടപെട്ടത് പെൺകുട്ടിയെ അപമാനിച്ചുവെന്ന പരാതിയിലല്ല, പാർട്ടിയിലെ പ്രശ്നങ്ങളിലാണെന്ന വാദമാണ് എൻ.സി.പി. ഉയർത്തുന്നത്. ഇതാണ് സി.പി.എം. മുഖവിലയ്ക്കെടുക്കുന്നതും. പരാതിയില്ലാതാക്കാൻ മന്ത്രി ഇടപെട്ടുവെന്ന രീതിയിൽ യുവതി മൊഴി നൽകിയാൽ പ്രശ്നം രൂക്ഷമാകാനിടയുണ്ട്. പോലീസിന് കേസെടുക്കേണ്ടിവരും. അക്കാര്യത്തിൽ എൻ.സി.പി.ക്കും സി.പി.എമ്മിനും ഒരേപോലെ ആശങ്കയുണ്ട്. കേസിന്റെ നിലമാറിയാൽ നിലപാടും മാറ്റേണ്ടിവരുമെന്ന സൂചനയാണ് സി.പി.എം. നേതാക്കൾ നൽകിയത്. അതില്ലാതാക്കാനുള്ള ബാധ്യത എൻ.സി.പി.യുടേതാണ്. അതിൽ എത്രത്തോളം വിജയിക്കും എന്നതനുസരിച്ചായിരിക്കും മന്ത്രിപദത്തിലെ ശശീന്ദ്രന്റെ ഭാവി.