കൊല്ലം : പ്രതിനിധികളുടെ എണ്ണംകുറച്ച് പാർട്ടി സമ്മേളനങ്ങൾ നടത്താൻ സി.പി.എം. ഒരുങ്ങുന്നു. ലോക്കൽസമ്മേളനംമുതൽ പാർട്ടി കോൺഗ്രസ് വരെ പ്രതിനിധികളുടെ എണ്ണംകുറയ്ക്കും. ഇതുസംബന്ധിച്ച കേന്ദ്ര കമ്മിറ്റി തീരുമാനം ഉടനുണ്ടാകും. ഓരോ സമ്മേളനത്തിലും എത്രകണ്ട് പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്ന് നിശ്ചയിച്ചിട്ടില്ല.

ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഴുവൻ അംഗങ്ങളെയും കോവിഡ് മാനദണ്ഡം പാലിച്ച് പങ്കെടുപ്പിക്കും. ബ്രാഞ്ചിൽ പരമാവധി 18 അംഗങ്ങളെ വരൂ. കോവിഡ് വ്യാപനം നിയന്ത്രിതമായി തുടർന്നാൽ പാർട്ടി സമ്മേളനങ്ങൾ സെപ്റ്റംബറിൽ തുടങ്ങാനാണ് തീരുമാനം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കും. ലോക്കൽ, ഏരിയ സമ്മേളനങ്ങൾ നവംബർ, ഡിസംബർ മാസങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ജനുവരിയിൽ 14 ജില്ലാ സമ്മേളനങ്ങളും നടത്തും. സംസ്ഥാനസമ്മേളനം ഫെബ്രുവരിയിലാണ് ഉദ്ദേശിക്കുന്നത്.

മാർച്ചിലോ ഏപ്രിലിലോ പാർട്ടി കോൺഗ്രസ് നടത്തുമെന്നാണ് സൂചന. മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം. സമ്മേളനങ്ങളിലേക്ക് പ്രതിനിധികളെ നിശ്ചയിക്കുന്നത്. കഴിഞ്ഞതവണ മൂന്ന് പാർട്ടി അംഗങ്ങൾക്ക് ഒരു പ്രതിനിധി എന്നനിലയിലാണ് ലോക്കൽ സമ്മേളനങ്ങളിൽ പങ്കെടുത്തത്. ഇത്തവണ ലോക്കൽ സമ്മേളനങ്ങളിൽ അഞ്ചോ ആറോ പാർട്ടി അംഗങ്ങൾക്ക് ഒരു പ്രതിനിധിയേ ഉണ്ടാകൂ.

സമ്മേളന തീരുമാനങ്ങളിലും തിരഞ്ഞെടുപ്പിലും പ്രതിനിധികളുടെ അഭിപ്രായം നിർണായകമാണ്. പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായി ഏരിയാതലംവരെയുള്ള അംഗത്വ സൂക്ഷ്മപരിശോധന സി.പി.എം. പൂർത്തിയാക്കിയിട്ടുണ്ട്. അംഗത്വത്തിനനുസരിച്ച് ബ്രാഞ്ച് കമ്മിറ്റികളുടെ പുനഃസംഘടനയും നടത്തി. ജൂണിൽ ആരംഭിക്കാനിരുന്ന സി.പി.എം. സമ്മേളനനടപടികൾ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.