കൊല്ലം: കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചലനങ്ങൾ നിരീക്ഷിച്ച് പാർട്ടിക്ക് റിപ്പോർട്ട് നൽകാൻ സി.പി.എം. നിയോഗിച്ച 1800 സന്നദ്ധപ്രവർത്തകർ രംഗത്തിറങ്ങി. ഈ മാസം 17 മുതലാണ് ഇവരെ നിയോഗിച്ചത്. ആദ്യ ഘട്ടത്തിൽ പുരുഷന്മാർക്ക് മാത്രമാണ് നിയമനം. ഭാവിയിൽ സ്ത്രീകളെയും നിയമിക്കും. ഓഗസ്റ്റ് മുതൽതന്നെ പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തെ തുടർന്നാണ് നീണ്ടത്.

മുൻ നിയമസഭാ സ്പീക്കർ കൂടിയായ കെ. രാധാകൃഷ്ണൻ ചെയർമാനായ ‘സാമൂഹിക വികസന ട്രസ്റ്റി’ന്റെ (സോഷ്യൽ ഡെവലപ്മെന്റെ് ട്രസ്റ്റ്) നേതൃത്വത്തിലാണ് സാമൂഹിക വികസന സംഘാടകർ (സോഷ്യൽ ഡെവലപ്മെന്റ് ഓർഗനൈസേർസ്) പ്രവർത്തിക്കുന്നത്.

45-നു താഴെ പ്രായമുള്ള ഇവരിൽ മിക്കവരും ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരാണ്. ഒരു വർഷത്തേക്ക് നിയോഗിച്ച ഇവർക്ക് മാസം 7500 രൂപ പ്രതിഫലം നൽകും. താമസവും ഭക്ഷണവും ജില്ലാ കമ്മിറ്റികൾ നൽകും. പാർട്ടിയംഗങ്ങളിൽനിന്ന് പ്രത്യേകമായി സ്വരൂപിച്ച തുകയിൽനിന്നാണ് ഇവർക്ക് അലവൻസ് നൽകുന്നത്.

രാഷ്ടീയ കാര്യങ്ങളിൽ നേരിട്ട് ഇടപെടില്ല

പ്രദേശങ്ങളിലെ സാമൂഹിക-രാഷ്ട്രീയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യലാണ് സന്നദ്ധ പ്രവർത്തകരുടെ ചുമതല. ജാതി-മത സംഘടനകളുടെ സ്വാധീനം, പ്രവർത്തനങ്ങൾ, സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾ, പാർട്ടി കൂടുതൽ ശ്രദ്ധിക്കേണ്ട മേഖലകൾ കണ്ടെത്തൽ എന്നിവയാണ് ഇവരുടെ ചുമതല. സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിൽ അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നുണ്ടോ എന്നും പരിശോധിക്കും.