കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിനിർണയ ചർച്ചയിലേക്ക് സി.പി.എം. കടക്കുന്നു. രണ്ടുദിവസംനീളുന്ന ജില്ലാ കമ്മിറ്റി യോഗങ്ങൾക്കൊപ്പം അനൗപചാരികമായി സ്ഥാനാർഥിനിർണയ ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. ചില ജില്ലകളിൽ ഘടകകക്ഷികളുമായി സീറ്റുകൾ വെച്ചുമാറേണ്ടിവരും. ഇതുസംബന്ധിച്ചും സി.പി.എം. ജില്ലാ നേതൃത്വവുമായി സംസ്ഥാന നേതാക്കൾ പ്രാഥമിക ചർച്ചകൾ തുടങ്ങി.

ജില്ലാ കമ്മിറ്റി യോഗങ്ങളിൽ അതത് ജില്ലകളുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കുപുറമേ ഒന്നോ രണ്ടോ മുതിർന്ന നേതാക്കൾകൂടി പങ്കെടുക്കുന്നുണ്ട്. ഇവർ ജില്ലകളിലെ മുതിർന്ന നേതാക്കളുമായി സ്ഥാനാർഥികളുടെ കാര്യത്തിൽ ആശയവിനിമയം നടത്തുമെന്നാണറിയുന്നത്.

ഒട്ടേറെ സിറ്റിങ് എം.എൽ.എ.മാരോട് മണ്ഡലങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സി.പി.എം. ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്കെല്ലാം വീണ്ടും സീറ്റുണ്ടാകുമെന്ന് ഉറപ്പാണ്. വട്ടിയൂർക്കാവ്, കോന്നി ഉപതിരഞ്ഞെടുപ്പുകളുടെയും തദ്ദേശ തിരഞ്ഞെടുപ്പിന്റെയും മാതൃകയിൽ പുതുമുഖങ്ങളെയും യുവാക്കളെയും രംഗത്തിറക്കുമെന്നും സൂചനയുണ്ട്. ജില്ലാ കമ്മിറ്റി യോഗങ്ങൾ കഴിഞ്ഞാലുടൻ നിയമസഭാമണ്ഡല അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപവത്കരിക്കും. താഴേത്തട്ടിലേക്കും തിരഞ്ഞെടുപ്പ് കമ്മിറ്റികൾ ഉടൻ നിലവിൽവരും.

തദ്ദേശതിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളായി പ്രവർത്തിച്ച വാടകക്കെട്ടിടങ്ങൾ ഒഴിയാതെ നിയമസഭാ തിരഞ്ഞെടുപ്പുവരെ പ്രവർത്തിക്കാനും നീക്കമുണ്ട്. കേരള കോൺഗ്രസിന് (ജോസ് വിഭാഗം) നൽകുന്ന സീറ്റുകളുടെ കാര്യത്തിലും പ്രാഥമിക ചർച്ചകൾ നടന്നുവരികയാണ്. പാലായടക്കം 13 സീറ്റുകൾ വേണമെന്ന നിലപാടിലാണവർ.

Content Highlight; CPIM Begins Preparations For 2021 Assembly Election