തിരുവനന്തപുരം: രാജ്യതാത്പര്യത്തിനെതിരായ ആർ.സി.ഇ.പി. കരാർ പുനഃപരിശോധിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

ആർ.സി.ഇ.പി. പത്തംഗ ആസിയാൻ രാജ്യങ്ങൾക്കു പുറമേ ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവ ഉൾപ്പെടുന്ന സഖ്യമാണ്. 2020-ൽ ഒപ്പിടാനാണ് നീക്കം. കേന്ദ്രസർക്കാർ ഇതിന്റെ വിശദാംശങ്ങൾ പുറത്തുവിടുകയോ രാജ്യത്തെ വിവിധ രംഗങ്ങളിലുള്ളവരുമായി ചർച്ചനടത്തുകയോ ചെയ്തിട്ടില്ല. എന്നാൽ, പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം കരാർ ഒപ്പിട്ടാൽ ഉടൻതന്നെ 28 ശതമാനം വസ്തുക്കളുടെ തീരുവ പൂജ്യത്തിലേക്കെത്തണം.

ആസിയാൻ രാജ്യങ്ങൾ, ജപ്പാൻ എന്നിവയുമായുള്ള വ്യാപാരത്തിലെ 90 ശതമാനം ചരക്കുകളുടെയും തീരുവ ഇല്ലാതാക്കുന്നതിന് ഇന്ത്യക്കു മേൽ സമ്മർദ്ദമുണ്ട്. അതുപോലെ നിലവിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഇല്ലാത്ത ചൈന, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരത്തിലെ 80 മുതൽ 86 ശതമാനം വസ്തുക്കളുടെ തീരുവ ഇല്ലാതാക്കണം എന്നതിനും സമ്മർദ്ദമേറുന്നു. ഇതൊക്കെ അംഗീകരിക്കുകയാണെങ്കിൽ വലിയ തിരിച്ചടിയുണ്ടാവും.

ആസിയാൻ രാജ്യങ്ങളിലെ പ്രധാന ഉല്പന്നങ്ങളായ സ്വാഭാവിക റബ്ബർ, ഏലം, ഇഞ്ചി, കശുവണ്ടി, നാളികേരം, കൊപ്ര, വെളിച്ചെണ്ണ, മത്സ്യങ്ങൾ തുടങ്ങിയവ എക്സ്‌ക്യൂഷൻ ലിസ്റ്റെന്ന സംരക്ഷിത പട്ടികയിലാണുള്ളത്. എന്നാൽ, ഇവയിൽ പലതിന്റെയും സംസ്‌കരിച്ച ഉല്പന്നങ്ങൾക്കു തീരുവയില്ല. അതേപോലെ പാമോയിലും. ചുരുക്കിപ്പറഞ്ഞാൽ കേരളം ഏതെല്ലാം മേഖലകളിലാണോ മേൽക്കൈ നേടിയിട്ടുള്ളത് അതെല്ലാം തകരുന്ന തരത്തിൽ ആഭ്യന്തര വിപണിയിലേക്ക് ആസിയാൻ രാജ്യങ്ങളിൽനിന്ന്‌ സ്വതന്ത്രവ്യാപാര കരാറിന്റെ അടിസ്ഥാനത്തിൽ ഉത്പന്നങ്ങൾ എത്തുന്നു. അതിനു പുറമേ മേഖലയ്ക്കു പുറത്തുനിന്നുള്ള ചരക്കുകൾ ഇവിടേക്കെത്തുന്നതിനും വഴിയൊരുക്കുന്നു. ഇപ്പോൾ കൂനിന്മേൽ കുരു എന്ന കണക്കാണ് ആർ.സി.ഇ.പി.യിലേക്ക് രാജ്യം പോകുന്നത്. ഇത് സ്വതന്ത്ര വ്യാപാര കരാർ വരുത്തിക്കൊണ്ടിരിക്കുന്ന നഷ്ടങ്ങൾക്കും ദോഷങ്ങൾക്കും പുറമേ പുത്തൻ മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കപ്പെടുമെന്നത് തർക്കരഹിതമായ കാര്യമാണ്.

ഇന്ത്യ-ശ്രീലങ്ക സ്വതന്ത്ര വ്യാപാര കരാറും ഇന്ത്യ-ആസിയാൻ കരാരും തോട്ടംമേഖലയെ പ്രതിസന്ധിയിലാഴ്ത്തിയ സാഹചര്യത്തിൽ, ആഭ്യന്തര സമ്പദ്ഘടന വിദേശരാജ്യങ്ങൾക്കായി കൂടുതൽ തുറന്നുകൊടുക്കുകയാണ് കേന്ദ്രസർക്കാർ സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിലൂടെ ചെയ്യുന്നത്. ഇന്ത്യയിലെ ആഭ്യന്തര വിപണിയിൽ കേരളത്തിന്റെ ഉത്പന്നങ്ങൾക്കുണ്ടായിരുന്ന സുരക്ഷ സ്വതന്ത്രവ്യാപാരം ഇല്ലാതാക്കുകയും ആഗോള വിപണിയിലെന്നപോലെ മത്സരം ഇവിടെയും നേരിടേണ്ടിവരികയും ചെയ്യുന്നു. ഇത് ഫലത്തിൽ കേരളത്തിലെ കാർഷികോത്പന്നങ്ങളുടെ ഭാവി ഇരുണ്ടതാക്കുന്നു. ഇതിനെതിേര പ്രതിഷേധമുയരണം - സി.പി.എം. ആവശ്യപ്പെട്ടു.

content highlights: cpim, rcep trade agreement