തിരുവനന്തപുരം: മന്ത്രിസഭയിൽ നാലുസ്ഥാനത്തിൽ കുറഞ്ഞുള്ള നിലപാട് സ്വീകരിക്കേണ്ടെന്ന് സി.പി.ഐ. നേതൃതലത്തിൽ ധാരണ. സി.പി.എമ്മുമായി നടത്തുന്ന ഉഭയകകക്ഷി ചർച്ചയിൽ ഈ നിലപാടായിരിക്കും പാർട്ടി സ്വീകരിക്കുക. സി.പി.എം. മന്ത്രിമാരുടെ എണ്ണം കുറയ്ക്കുന്നുണ്ടെങ്കിൽ ചിഫ്‌വിപ്പ് സ്ഥാനം സി.പി.ഐ. വിട്ടുനൽകും. നാല് മന്ത്രിമാർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ്‌വിപ്പ് എന്നീ സ്ഥാനങ്ങളാണ് ഒന്നാം പിണറായി സർക്കാരിൽ സി.പി.ഐ.ക്കുണ്ടായിരുന്നത്.

മന്ത്രിസഭ രൂപവത്കരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ച വ്യാഴാഴ്ച തുടങ്ങും. സി.പി.ഐ.യുമായി ധാരണയുണ്ടാക്കിയ ശേഷമായിരിക്കുമിത്. ഈ ചർച്ചയിലെ ധാരണയാണ് സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് പരിശോധിക്കുക.

ഒന്നാംപിണറായി സർക്കാരിൽ മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സ്പീക്കറുമായിരുന്നു തുടക്കത്തിൽ സി.പി.എമ്മിനുണ്ടായിരുന്നത്. സി.പി.ഐ.ക്ക്‌ നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും. ഇ.പി. ജയരാജൻ രാജിവെച്ചപ്പോൾ പകരം എം.എം. മണി മന്ത്രിയായി. മണിയെ നിലനിർത്തികൊണ്ട് ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക് വന്നപ്പോഴാണ് സി.പി.എം. മന്ത്രിമാരുടെ എണ്ണം 13 ആയത്. ഇതിന് പകരം സി.പി.ഐ.യ്ക്ക് നൽകിയ സ്ഥാനമാണ് ചീഫ്‌വിപ്പ്.

പുതിയതായി മുന്നണിയിലെത്തിയ കേരള കോൺഗ്രസ്-എമ്മിനും മറ്റ് ഘടകകക്ഷികൾക്കും പരിഗണന നൽകാനാണ് സി.പി.എമ്മും സി.പി.ഐയും മന്ത്രിസ്ഥാനം കുറയ്ക്കണമെന്ന നിർദേശം ഉയരുന്നത്. സി.പി.എം. കുറയ്ക്കുന്ന മന്ത്രിമാരുടെ എണ്ണത്തിന് ആനുപാതികമായ വിട്ടുവീഴ്ച നടത്തിയാൽ മതിയെന്നാണ് സി.പി.ഐ. നേതാക്കൾ പറയുന്നത്. സി.പി.എം. മന്ത്രിമാർ 12 ആക്കിയാൽ, സി.പി.ഐ. ചീഫ് വിപ്പ് സ്ഥാനം വിട്ടുനൽകിയാൽ മതിയാകും. നാല് മന്ത്രിമാരിൽനിന്ന് കുറവുവരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നാണ് സി.പി.ഐ. നിലപാട്.

വകുപ്പുകളിൽ ചില മാറ്റങ്ങളുണ്ടായേക്കുമെന്ന് സി.പി.ഐയും പ്രതീക്ഷിക്കുന്നുണ്ട്. റവന്യൂ ഉൾപ്പടെയുള്ള പ്രധാന വകുപ്പുകളിൽ മാറ്റമുണ്ടാവില്ല. കൃഷിവകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം സി.പി.എം. നേതാക്കൾക്കുണ്ട്. ഉഭയകകക്ഷി ചർച്ചകളിലുണ്ടാകുന്ന ധാരണയ്ക്കനുസരിച്ചേ ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടാകു. കേരളകോൺഗ്രസിന് ഏതൊക്കെ വകുപ്പുകൾ നൽകുമെന്നത് അനുസരിച്ചായിരിക്കും ഓരോ കക്ഷിയും ഇപ്പോൾ കൈവശംവെക്കുന്ന വകുപ്പുകളിലുണ്ടാകുന്ന മാറ്റം.