തിരുവനന്തപുരം: ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയെ പരസ്യമായി വിമർശിച്ച സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെതിരേ ഒരുവിഭാഗം സി.പി.ഐ. നേതാക്കൾ. സംഘടനാ അച്ചടക്കം കാനവും ലംഘിച്ചെന്നാണ് ഇവരുടെ പരാതി. ഇക്കാര്യം കത്തിലൂടെ ദേശീയ എക്സിക്യുട്ടീവ് അംഗമായ കെ.ഇ. ഇസ്മയിൽ കാനത്തെ അറിയിച്ചതായും സൂചനയുണ്ട്.

ദേശീയ എക്സിക്യുട്ടീവ് അംഗമായ ആനിരാജ കേരള പോലീസിനെ വിമർശിച്ചതാണ് സംഘടനാ തർക്കമായി മാറിയത്. ആനിരാജ പാർട്ടി മാനദണ്ഡം ലംഘിച്ചുവെന്നുകാണിച്ച് കാനം ദേശീയ കൗൺസിലിന് പരാതി നൽകിയിരുന്നു. ആനിരാജയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് ദേശീയ കൗൺസിൽ വിലയിരുത്തി.

ഇതിനുപിന്നാലെ, ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ, ആനിരാജയെ ന്യായീകരിക്കുന്ന പ്രസ്താവന നടത്തി. യു.പി.യിലെയും കേരളത്തിലെയും പോലീസിനെ ഒരുപോലെ വിമർശിക്കുമെന്നായിരുന്നു രാജയുടെ പ്രതികരണം. ദേശീയ കൗൺസിൽ തള്ളിയ കാര്യത്തെ രാജ ന്യായീകരിക്കുന്ന നിലപാട് സ്വീകരിച്ചത് കാനം ഉൾപ്പെടെയുള്ള കേരളനേതാക്കളെ പ്രകോപിപ്പിച്ചു. ഇതിൽ അതൃപ്തി അറിയിക്കാൻ സംസ്ഥാന എക്സിക്യുട്ടീവ് ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തി.

ഇത്രയും കാര്യങ്ങളിൽ സംസ്ഥാന നേതാക്കളിലാർക്കും തർക്കമുണ്ടായിരുന്നില്ല. എന്നാൽ, സംസ്ഥാന കൗൺസിൽ യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ കാനം നടത്തിയ പരാമർശങ്ങളാണ് ഒരുവിഭാഗം നേതാക്കളെ ചൊടിപ്പിച്ചത്. പാർട്ടിമാനദണ്ഡം ലംഘിച്ചാൽ ദേശീയ ജനറൽ സെക്രട്ടറിയും വിമർശിക്കപ്പെടുമെന്നും ഡാങ്കെയെ അടക്കം വിമർശിച്ച പാർട്ടിയാണിതെന്നും കാനം തുറന്നടിച്ചിരുന്നു.

പാർട്ടിനിലപാട് സെക്രട്ടറിയുടെ നിലപാടായി അവതരിപ്പിക്കുകയും ദേശീയ ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുകയും ചെയ്യുന്നത് സംഘടനാവിരുദ്ധമായ കാര്യമാണെന്നാണ് കാനത്തെ എതിർക്കുന്നവരുടെ നിലപാട്. ഇത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതും ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ രണ്ടുതട്ടിലാണെന്ന പ്രതീതി ഉണ്ടാക്കുകയും ചെയ്തു.

സംസ്ഥാന സെക്രട്ടറി എന്നനിലയിൽ ഇത് കാനത്തിനുണ്ടായ വീഴ്ചയാണെന്നും ഈ നേതാക്കൾ പറയുന്നു. പാർട്ടിസമ്മേളനം തുടങ്ങാനിരിക്കേ നേതൃതലത്തിലെ ഭിന്നിപ്പിന് രാഷ്ട്രീയപ്രാധാന്യം ഏറെയുണ്ട്. മൂന്നാംതവണയും പാർട്ടി സെക്രട്ടറി സ്ഥാനത്ത് കാനം വരണമെങ്കിൽ മൂന്നിൽരണ്ട് ഭൂരിപക്ഷത്തിന്റെ പിന്തുണ വേണമെന്നാണ് സി.പി.ഐ.യിലെ വ്യവസ്ഥ.