തൃശ്ശൂർ: കോവിഡ്‌ പ്രതിരോധത്തിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച കോവിഷീൽഡ് വാക്‌സിൻ ഗുണപ്രദമെന്ന് അമേരിക്കയിലെ മൂന്നാംഘട്ട പരീക്ഷണങ്ങളും. അമേരിക്ക, ചിലി, പെറു എന്നിവിടങ്ങളിലായി 32,451 പേരിലായിരുന്നു പരീക്ഷണം. ഇവരിൽ 74 ശതമാനം പേർക്കും മികച്ച ഫലപ്രാപ്‌തിയുണ്ടായെന്നാണ് കണ്ടെത്തൽ. വാക്‌സിൻ സുരക്ഷിതമാണെന്നും ഉറപ്പാക്കി. പഠനത്തിന്റെ വിശദവിവരങ്ങൾ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

വിവിധ പ്രായക്കാരും പ്രദേശക്കാരുമായ ആളുകളിലായിരുന്നു പരീക്ഷണം. പ്രായമായവരിൽ ഏറെ ഫലപ്രദമാണെന്നാണ് വിലയിരുത്തൽ. 65 വയസ്സിനു മുകളിലുള്ളവരിൽ 83.5 ശതമാനമാണ് ഫലപ്രാപ്തി. വൈറസിനെ തടയാനുള്ള ശേഷി ആദ്യ ഡോസിൽത്തന്നെ കൈവരിച്ചെങ്കിലും രണ്ടാം ഡോസിലിത് കൂടുതൽ വർധിച്ചിട്ടുണ്ട്. രണ്ടാം ഡോസിനുശേഷം 28 ദിവസം കഴിഞ്ഞവരിൽ പ്രതിരോധശേഷി കൂടുതലായിരുന്നു.

എല്ലാ പ്രദേശങ്ങളിലും മരുന്നിന്റെ ഫലം ഏറക്കുറെ സമാനമാണ്. രണ്ട്‌ ഡോസ് കുത്തിവെപ്പുമെടുത്തവർക്ക് ഗുരുതരമായ വിധത്തിലുള്ള രോഗസാധ്യത കണ്ടെത്താനായതേയില്ല. 18-നും 64-നുമിടയിലുള്ള ആളുകളിൽ 72.8 ശതമാനമാണ് ഫലപ്രാപ്തിനിരക്ക്. കറുത്തവർഗക്കാരിൽ നിരക്ക് 91.8 ശതമാനമാണെങ്കിൽ വെളുത്തവർക്കിടയിലിത് 73.1 ശതമാനമാണ്. പഠനപ്രകാരം 77.2 ശതമാനമാണ് പുരുഷന്മാരിലെ നിരക്ക്. സ്ത്രീകളിൽ 68.2 ആണ് നിരക്ക്. 2020 ഓഗസ്റ്റ് 28 മുതൽ 2021 ജനുവരി 15 വരെയായിരുന്നു പരീക്ഷണപഠനം നടന്നത്.