തൃശ്ശൂർ: സംസ്ഥാനത്തെ ലോക്കോ പൈലറ്റുമാർക്കിടയിൽ കോവിഡ് പടരുന്നു.തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി രോഗികളായും ക്വാറന്റീനിലായും 150-ഓളം പേരാണ് ജോലിക്ക് വരാനാവാത്ത അവസ്ഥയിലുള്ളത്.

പാലക്കാട്ട് 44-ഉം തിരുവനന്തപുരത്ത് 22-ഉം പേർ രോഗികളാണ്. തിരുവനന്തപുരത്ത് ഒരാൾ മരിച്ചു. രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് ശേഷിച്ചവർ ക്വാറന്റീനിലായത്.

സംസ്ഥാനത്തെ തീവണ്ടി സർവീസുകൾ ഗണ്യമായി കുറച്ചതിനു പിന്നിൽ ലോക്കോ പൈലറ്റുമാരിലെ കോവിഡ് വ്യാപനവും കാരണമാണ്.

അടച്ചിടൽ പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം ദീർഘദൂര തീവണ്ടികളും മലബാർ, മാവേലി, ജനശതാബ്ദി തുടങ്ങിയവയും ഓടുന്നുണ്ട്.

അതിനാൽ പ്രശ്നം വരുംദിവസങ്ങളിലും വഷളാവാൻ സാധ്യതയുണ്ടെന്നാണ് ലോക്കോ പൈലറ്റുമാർ പറയുന്നത്. ലോക്ഡൗൺ കാലത്ത് കൂടുതൽ ചരക്ക് വണ്ടികളും ഒാടേണ്ടിവരും.

ജോലിക്കിടെ പൊതുജനസമ്പർക്കം കുറവാണ് ലോക്കോ പൈലറ്റുമാർക്ക്. പ്രധാന സ്റ്റേഷനുകളിലുള്ള വിശ്രമമുറികളിൽനിന്നാണ് അവർക്ക് കോവിഡ് പടരുന്നതെന്നാണ് വിവരം. ഷൊർണൂർ , എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിശ്രമമുറികളെപ്പറ്റിയാണ് പ്രധാന പരാതി.

ഷൊർണൂരിലെ പഴക്കംചെന്ന ഒരു കെട്ടിടത്തിൽ ഡോർമെറ്ററി ആയിട്ടാണ് വിശ്രമമുറികൾ സജ്ജീകരിച്ചിരിക്കുന്നത്. 14 കട്ടിലുകൾ ഇതിലുണ്ട്. കട്ടിലുകൾ തമ്മിൽ രണ്ടടി അകലമേയുള്ളൂ. എറണാകുളത്ത് ഒരു മുറിയിൽ ഏഴ് കട്ടിലുകൾ ഇട്ടിട്ടുണ്ട്. തിരുവനന്തപുരത്തും സമാനമായ സ്ഥിതിയാണ്.

കോവിഡ് പോസിറ്റീവായവർ ഈ മുറികളിൽ വിശ്രമിച്ചാൽ വ്യാപനം ഉറപ്പാണ്.

മിക്ക സമയങ്ങളിലും വിശ്രമമുറികൾ നിറഞ്ഞിട്ടുമുണ്ടാവും. ലോക്കോ പൈലറ്റുമാരിൽ 70 ശതമാനം പേർക്ക് ഇപ്പോഴും വാക്സിൻ എടുക്കാനായിട്ടില്ല. അതിന് ഇവർക്കായി പ്രത്യേക സംവിധാനം ഒരുക്കിയതുമില്ല. വെബ്സൈറ്റിൽ ബുക്ക് ചെയ്ത് സമയം കിട്ടിയ പലർക്കും നിശ്ചിത സമയത്ത് എത്തി വാക്സിൻ എടുക്കാനും കഴിഞ്ഞില്ല. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ രണ്ടു ഡിവിഷനുകളിലെയും അധികൃതരെ പ്രശ്നം ബോധ്യപ്പെടുത്തുകയും പരാതി നൽകുകയും ചെയ്തിട്ടും നടപടി ഉണ്ടായില്ല.