തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നതിന്റെ പെറ്റിക്കേസുകൾ വർധിപ്പിക്കാൻ പോലീസിന് മേൽ സമ്മർദം. രാവിലെ എട്ടിനുള്ള പതിവ് അവലോകനത്തിൽ ഓരോ സ്റ്റേഷനിൽനിന്നും കോവിഡ് കേസുകളുടെ എണ്ണം റിപ്പോർട്ട് ചെയ്യണം.

കേസുകൾ കുറയരുതെന്ന് കർശന നിർദേശമുണ്ട്. ഇതു പാലിച്ചില്ലെങ്കിൽ മേലുദ്യോഗസ്ഥരുടെ ശകാരം കേൾക്കാം. കേസുകൾ കുറഞ്ഞത് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ വീഴ്ചയായി കണക്കാക്കും. പരിശോധന ശക്തമാക്കാനുള്ള നിർദേശം താക്കീതായി മാറും. ഒരോ സ്റ്റേഷനുകൾക്കും മുൻകാലത്തെ കേസുകൾ കണക്കാക്കി ശരാശരി ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. അതേസമയം പതിവ് അവലോകനയോഗം മാത്രമാണെന്നും കേസെടുക്കാൻ സമ്മർദം ചെലുത്താറില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

ജൂണിൽ 1,38,220 കേസുകളാണ് എടുത്തത്. ജൂലായിൽ 2,20,227 കേസുകളായി.

പിഴ കൂട്ടിയതും പരാതിക്ക് കാരണം

കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നതിനുള്ള പിഴ നവംബറിന് ശേഷം ഉയർത്തിയിരുന്നു. മാസ്ക് ഉപയോഗിക്കാത്തത് ഉൾപ്പെടെ ചെറിയ കുറ്റങ്ങൾക്കുള്ള പിഴ 200-ൽനിന്ന്‌ 500 രൂപയായി ഉയർത്തി. പൊതുയോഗങ്ങൾ, വിവാഹങ്ങൾ, എന്നിവയുടെ പേരിലുള്ള കൂടിച്ചേരലുകൾക്ക് 500-ന് പകരം 5000 രൂപ പിഴയാക്കി. വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ 500 രൂപ പിഴ ഈടാക്കിയിരുന്നത് 3000 ആയി ഉയർത്തി. ഉപഭോക്താക്കൾക്ക് സാനിറ്റൈസർ നൽകിയില്ലെങ്കിലും കടയുടമയ്ക്കെതിരേ കേസെടുക്കാം.