തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ എളുപ്പത്തിലാക്കുന്നതിനായി ആശാവർക്കർമാർ വീടുകളിലെത്തും. മൂന്നാംതരംഗത്തിനുമുമ്പ്‌ പരമാവധിപേർക്ക് വാക്‌സിനേഷൻ നടത്തുകയാണ് ലക്ഷ്യം. വാക്‌സിൻ എടുക്കുന്നതിനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. രജിസ്റ്റർ ചെയ്താലും വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ പലപ്പോഴും സാധിക്കാറില്ല. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡ് തോറുമുള്ള ആശാവർക്കർമാരുടെ സഹായത്തോടെ വാക്‌സിനേഷൻ പ്രക്രിയ ഊർജിതമാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്. നേരത്തേ, സംസ്ഥാനത്തെ കിടപ്പുരോഗികൾക്ക് വീടുകളിൽപ്പോയി വാക്‌സിൻ നൽകിയിരുന്നു. ഇതേ മാതൃകയിലാണ് പ്രായമായവർക്കും മൊബൈൽ ഫോൺ ഇല്ലാത്തവർക്കും ഇന്റർനെറ്റ് അപ്രാപ്യമായവർക്കും വാക്‌സിൻ രജിസ്‌ട്രേഷൻ നടത്തുന്നതിനും സ്ലോട്ട് ബുക്ക് ചെയ്യുന്നതിനും ആശാവർക്കർമാരുടെ സേവനം ഉപയോഗിക്കുന്നത്. രണ്ടാം ഡോസ് വാക്‌സിനായി ബുക്ക് ചെയ്യാൻ സാധിക്കാത്തവരെയും സഹായിക്കും.