തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള 75 ശതമാനം വാക്സിൻ കേന്ദ്രം സംഭരിച്ചുനൽകുമെന്ന പ്രഖ്യാപനം കേരള ബജറ്റിലെ വകയിരുത്തലിനെ സ്വാധീനിച്ചേക്കാം. വാക്സിൻ വാങ്ങാൻ ആയിരം കോടി രൂപയാണ് ബജറ്റിൽ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ വകയിരുത്തിയത്. വാക്സിൻ സംസ്ഥാന സർക്കാർ പണംകൊടുത്ത് വാങ്ങേണ്ടിവരുമെന്നതിന്റെ അടിസ്ഥാനത്തിലാണിത്.

എന്നാൽ, പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ഉത്തരവ് വന്നശേഷമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാനാവൂവെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. എന്നേക്ക് വാക്സിൻ ലഭിച്ചുതുടങ്ങും, വിതരണം എന്നുകൊണ്ട് പൂർത്തിയാകും എന്നതിനെയൊക്കെ ആശ്രയിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ ആദ്യ നയമനുസരിച്ച് 18 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്സിൻ വിലകൊടുത്തു വാങ്ങാനാണ് കേരളം ആയിരംകോടി വകയിരുത്തിയത്.